സിവില്‍ കോടതി ജീവനക്കാര്‍ ഇന്നു മുതല്‍ ജൂണ്‍ 7 വരെ പ്രതിഷേധ വാരം ആചരിക്കുന്നു
കല്‍പ്പറ്റ:കേരളത്തിലെ സിവില്‍ കോടതി ജീവനക്കാര്‍ ഇന്നു മുതല്‍ ജൂണ്‍ 7 വരെ പ്രതിഷേധ വാരം ആചരിക്കുന്നു. കോടതികളില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനത്തിനും തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെയുമാണ് കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്ഗനൈസേഷന് പ്രതിഷേധ വാരം ആചരിക്കുന്നത്.കോടതികളില്‍ സിവില്‍ കേസ്സ് സമന്‍സ് , അറസ്റ്റ് മറ്റ് നോട്ടീസുകള്‍ തുടങ്ങിയവ നടത്തേണ്ട പ്രോസസ്സ് സര്‍വ്വര്‍ തസ്തികയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം 2024 ലാണ് വന്നത്.
അന്ന് മുതല്‍ ഇങ്ങോട്ട് പ്രസ്തുത തസ്തികയിലേയ്ക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സ്ഥാനകയറ്റം നല്കി നിയമിക്കുന്നത് ഇല്ലാതായിരിക്കുകയാണ്. തന്മൂലം ജടഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികയിലേയ്ക്ക് നിയമനം ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതായിരിക്കുകയാണ്.
കോടതി ജീവനക്കാര്‍ക്കായി 2024 ല്‍ കൊണ്ടു വന്നിട്ടുള്ള ചട്ടങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ നിമിത്തം കോടതികളിലെ പ്രധാനപ്പെട്ട തസ്തികകളായ ബെഞ്ച് ക്ലാര്‍ക്ക് ഗ്രേഡ്-ക, സെന്‍ട്രല്‍ നാജിര്‍ തസ്തികകള്‍ ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കുകയാണ്. ബെഞ്ച് ക്ലാര്‍ക്ക് ഗ്രേഡ്-ക തസ്തികയുടെ അഭാവം കോടതികളിലെത്തുന്ന അഭിഭാഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. സമയബന്ധിതമായി കേസ്സുകള്‍ തീര്‍ക്കേണ്ട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ നിയമന നിരോധനം മൂലം താളം തെറ്റിയിരിക്കുകയാണ്.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ പ്രകാരം കോടതി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഇന്‍ക്രിമെന്റ് കേരള സര്‍ക്കാര്‍ തടഞ്ഞത് ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. പുതിയ കോടതികള്‍ തുടങ്ങുമ്പോള്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നിലവിലുള്ള ജീവനക്കാരുടെ എണ്ണം പോലും കോടതികളുടെ പ്രവര്‍ത്തനത്തിന് അപര്യാപ്തമാണെന്നിരിക്കെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വയനാട് ജില്ലയിലും ജീവനക്കാര്‍ പ്രതിഷേധ ബാഡ്ജ് അണിഞ്ഞ് ജോലി ചെയ്യുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.





Leave a Reply