May 2, 2026

ആരോഗ്യ വകുപ്പ് ആസ്ഥാന മന്ദിരമില്ലായ്മ: യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു

0
IMG_20250704_212553
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ ആസ്ഥാന മന്ദിരമില്ലായ്മയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഓഫീസിന് മുന്നിൽ റീത്ത് വെച്ച് സമരം നടത്തി. നിലവിലെ ഓഫീസ് കെട്ടിടം അപകടാവസ്ഥയിലാണെന്നും പുതിയ കെട്ടിടം നിർമ്മിക്കുന്നതിൽ സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്നും ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.

 

വർഷങ്ങളുടെ പഴക്കമുള്ള ആരോഗ്യ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയുന്നതിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുക അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകൾ രാഷ്ട്രീയ ദുർവിനിയോഗത്തിലൂടെ ഈ പദ്ധതി വൈകിപ്പിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കെട്ടിടം ഉപയോഗ യോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഓഫീസ് സമീപത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ജില്ലാ ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റാൻ ചില ഗൂഢാലോചനകൾ നടക്കുന്നതായും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നുണ്ട്.

 

നിലവിൽ വയനാട് ജില്ലയിൽ മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും, ഈ സാഹചര്യത്തിൽ ജനങ്ങൾ ആശ്രയിക്കുന്ന ഡി.എം.ഒ. ഓഫീസ് സുരക്ഷിതമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഓഫീസുമായി ബന്ധപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

 

ഒരു വർഷം മുൻപ് ഫിറ്റ്നസ് ഇല്ലെന്ന കാരണത്താൽ ഒഴിപ്പിച്ച പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയണമെന്നും, നിലവിൽ ഈ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നും ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

 

നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് വാളാടിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധത്തിന് ഷംസീർ ആരാണപ്പാറ, ആഷിഖ് മൻസൂർ, ഷക്കീർ പുനത്തിൽ, നിസാം ചില്ലു, ഷിനു ജോൺ, ബഷീർ ചക്ക, മുഹിയുദ്ദീൻ തരുവണ, അമിത് ജോർജ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *