May 1, 2026

ലഹരിക്കടത്ത് കേസിലെ പ്രധാന പ്രതി ജംഷീർ അലി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

0
IMG_20250712_202117
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സംസ്ഥാനത്തെ ലഹരിക്കടത്ത്, കവർച്ചാ സംഘങ്ങളിലെ മുഖ്യ കണ്ണിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജംഷീർ അലി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. പൊഴുതന പേരുംങ്കോട് കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി (41) യെയാണ് തിരുവനന്തപുരം വർക്കലയിൽ നിന്ന് പോലീസ് പിടികൂടിയത്. ജയ്പൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇയാൾ പിടിയിലായത്. മംഗലാപുരം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

 

വയനാട് ജില്ലയിലെ സ്ഥിരം കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കെണിച്ചിറ, കൽപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിലും എക്സൈസിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്, കവർച്ച, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളുണ്ട്. തമിഴ്നാട്ടിലെ ഷോളൂർമട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി കവർച്ച നടത്തിയ കേസിലും ഇയാൾ വിചാരണ നേരിടുകയാണ്.

 

നേരത്തെയും കാപ്പ നിയമപ്രകാരം നാടുകടത്തപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജംഷീർ. ജയിൽ മോചിതനായ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ഉത്തരവിട്ടത്. അറസ്റ്റിലായ ജംഷീറിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

 

കൽപ്പറ്റ ഡിവൈ.എസ്.പി പി.എൽ ഷൈജുവിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ എൻ.വി ഹരീഷ് കുമാർ, പോലീസുകാരായ കെ.കെ വിപിൻ, ഷബീർ അലി, സതീഷ് കുമാർ, വി.പി ഷഹീർ, മുഹമ്മദ് സക്കറിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *