തൊണ്ടാർ, കടമാൻചിറ പദ്ധതികളിൽ കർഷക ആശങ്ക: സമരം പ്രഖ്യാപിച്ച് സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: വയനാട്ടിലെ നിർദിഷ്ട തൊണ്ടാർ, കടമാൻചിറ വൻകിട പദ്ധതികൾക്കെതിരെ കർഷക ആശങ്കകൾ വർധിക്കുന്നതിനിടെ, ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ആവശ്യപ്പെട്ടു. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് ഉപജീവനം നടത്തുന്ന കുടിയേറ്റ കർഷകരെ വ്യാപകമായി കുടിയിറക്കാൻ ഈ പദ്ധതികൾ വഴിവെക്കുമെന്ന ആശങ്കയിലാണ് സംഘം.
ജില്ലയിൽ കാരാപ്പുഴ, ബാണാസുര സാഗർ എന്നീ വലിയ പദ്ധതികൾ നിലവിലുള്ളപ്പോഴാണ് തൊണ്ടാർ, കടമാൻചിറ പദ്ധതികളുടെ ഡി.പി.ആർ (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്. ജനങ്ങളുടെ താൽപ്പര്യം മാനിക്കാതെ പദ്ധതികളുമായി മുന്നോട്ട് പോയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി മുന്നറിയിപ്പ് നൽകി. വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലവയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
സമരപരിപാടികൾ പ്രഖ്യാപിച്ചു
കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ഓഗസ്റ്റ് 11-ന് കൃഷിഭവനുകൾക്ക് മുന്നിൽ സമരം നടത്താൻ യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2-ന് സുൽത്താൻ ബത്തേരിയിൽ വൈകിട്ട് 3 മണിക്കും കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ വൈകിട്ട് 4 മണിക്കും നിയോജക മണ്ഡലം കൺവെൻഷനുകൾ ചേരും.
സംസ്ഥാന കൗൺസിലർ മായൻ മുതിര, സി. മുഹമ്മദ്, അബുബക്കർ തന്നാണി, ഷംസുദ്ദീൻ ബിദർക്കാട്, സലീം കേളോത്ത്, പി.കെ. മൊയ്തീൻ കുട്ടി, എം.എം. ഹുസൈൻ, കുഞ്ഞി മുഹമ്മദ് പറമ്പൻ, ആർ.പി. അസ്‌ലം തങ്ങൾ എന്നിവർ യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി കെ.ടി. കുഞ്ഞബ്ദുല്ല സ്വാഗതവും അലവി വടക്കേതിൽ നന്ദിയും രേഖപ്പെടുത്തി.





Leave a Reply