ബത്തേരിയിൽ നേടിയത് 30000-ൽ അധികം വോട്ടുകൾ; വയനാട്ടിൽ നില മെച്ചപ്പെടുത്തി എൻ.ഡി.എ
കൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നില മെച്ചപ്പെടുത്തി എൻ.ഡി.എ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മൂന്ന് മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. കൽപറ്റയിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയലാണ് മത്സരിച്ചത്. അദ്ദേഹത്തിന് 19,175 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച 14,113 വോട്ടിനേക്കാൾ 5062 വോട്ട് ഇത്തവണ നേടി.
മാനന്തവാടി മണ്ഡലത്തിലും എൻ.ഡി.എ നില മെച്ചപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇടുക്കി സ്വദേശിയായ പി. ശ്യാം രാജായിരുന്നു എൻ.ഡി.എക്കു വേണ്ടി മത്സരിച്ചത്. 19,681 വോട്ടുകളാണ് ഇത്തവണ എൻ.ഡി.എ നേടിയത്. 2021ൽ പള്ളിയറ മുകുന്ദൻ 13,142 വോട്ട് നേടി. 2016ൽ കെ. മോഹൻദാസ് 16,230 വോട്ട് നേടിയിരുന്നു. തവിഞ്ഞാൽ, വെള്ളമുണ്ട, തിരുനെല്ലിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ബി.ജെ.പി ശക്തി തെളിയിച്ചത്.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി എ.എസ്. കവിത 31,308 വോട്ടുകൾ നേടി വലിയ മുന്നേറ്റമാണ് നടത്തിയത്. 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ 16,110 വോട്ട് അധികം എൻ.ഡി.എ സ്ഥാനാർഥിക്ക് ബത്തേരി മണ്ഡലത്തിൽ ഇത്തവണ കൂടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.കെ. ജാനു നേടിയത് 27,920 വോട്ടുകളായിരുന്നു. പിന്നീട് 2021ലെ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി രംഗത്തുവന്നത് സി.കെ. ജാനു തന്നെയായിരുന്നു. ബത്തേരി എ ക്ലാസ് മണ്ഡലമായിട്ടും 15,198 വോട്ടുകൾ നേടാനേ അന്ന് ജാനുവിന് കഴിഞ്ഞുള്ളൂ.





Leave a Reply