വയനാട്ടിൽ വൻ കവർച്ചാശ്രമം തകർത്ത് പോലീസ്; നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ
കൽപ്പറ്റ : വൻ കവർച്ചാ പദ്ധതി തകർത്ത് വയനാട് പൊലീസ്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശികളായ എം. ഷനീഷ് (42), സജീവൻ (43), കെ.വി ഷംസീർ (34), കെ.എസ്. നിസാമുദ്ദീൻ (32) പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷനീഷ്.
സംശയാസ്പദമായ സാഹചര്യത്തിൽ ഇന്നോവ കാർ കണ്ടതാണ് കവർച്ചാ ശ്രമം പൊളിക്കാൻ സഹായിച്ചത്. കൽപ്പറ്റ വിനായകയിൽ വെച്ച് പുലർച്ചെ നൈറ്റ് പട്രോളിങ്ങിനിടെയാണ് പൊലീസ് സംഘം വാഹനം കാണുന്നത്. കാറിനടുത്ത് നാലുപേർ നിൽക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബെംഗളൂരുവിൽനിന്ന് വരുന്ന വാഹനം കവർച്ച ചെയ്യാൻ വന്നതെന്ന് മനസ്സിലായത്. ഉടൻതന്നെ ഇവരെ കസ്റ്റഡിയിലെടുക്കുകയും വാഹനം സ്റ്റേഷനിലെത്തി കേസെടുക്കുകയും ചെയ്തു. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ.മാരായ സി. മുജീബ്, നെസ്സി, സി.പി.ഒ. ജാബിർ എന്നിവരടങ്ങുന്ന സംഘമാണ് ആദ്യം ഇവരെ കണ്ടെത്തുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജി. പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ, വൈത്തിരി സ്റ്റേഷനുകളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.





Leave a Reply