May 6, 2026

ജില്ലയില്‍ കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ കേന്ദ്ര നേതാക്കള്‍

0
site-psd-440
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പുതിയ വയനാട് ഡി.സി.സി പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിലും ഏകദേശ ധാരണയായതായാണ് വിവരം. അഡ്വ. ടി.ജെ. ഐസക്, കെ.ഇ വിനയന്‍ എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയില്‍. ജില്ലയിലെ കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഡി.സി.സി പ്രസിഡന്റിനെ ഉള്‍പ്പെടെ മാറ്റാന്‍ കേന്ദ്ര നേതാക്കളുടെ അടിയന്തര ഇടപെടല്‍.ടി.ജെ. ഐസക്കിന് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. സംസ്ഥാനത്തെ മറ്റൊരു ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയും നേരിടാത്ത പ്രശ്നങ്ങളാണ് വയനാട് കോണ്‍ഗ്രസ് കമ്മിറ്റിയിലുണ്ടായതെന്നാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തല്‍.

നേരത്തേ രാഹുല്‍ ഗാന്ധിയുടെയും ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലം എന്നതുകൊണ്ട് തന്നെ ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ദേശീയ തലത്തിലും ചര്‍ച്ചയാകുമെന്ന് വിലയിരുത്തിയാണ് അടിയന്തര നടപടിക്ക് കേന്ദ്ര നേതാക്കള്‍ നേരിട്ട് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കള്‍ ജില്ലയിലെത്തിയിരുന്നു. അന്നു തന്നെയാണ് ജില്ലാ നേതൃയോഗം ചേര്‍ന്ന് വയനാട്ടിലെ കോണ്‍ഗ്രസിലെ വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് താക്കീത് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യ ഉയര്‍ത്തിയ വിവാദങ്ങളില്‍നിന്ന് പാര്‍ട്ടി ഒരു വിധം കരകയറുന്നതിനിടയിലാണ് മുള്ളന്‍കൊല്ലി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം വെട്ടിലാക്കി എന്‍.എം. വിജയന്റെ മരുമകളുടെ ആത്മഹത്യ ശ്രമം. പ്രിയങ്ക ഗാന്ധി ജില്ലയില്‍ ഉള്ളപ്പോഴായിരുന്നു വിജയന്റെ മരുമകളുടെ ആത്മഹത്യാ ശ്രമം. നേരത്തേ ഡി.സി.സി പ്രസിഡന്റും എം.എല്‍.എയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണവും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത വിഭാഗീയത പുറത്തുകൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസിലെ പോര് രൂക്ഷമായ സമയത്താണ് 12 ദിവസത്തെ സന്ദര്‍ശനത്തിന് പ്രിയങ്ക വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എത്തുന്നത്. ആദ്യമായാണ് ഇത്രയധികം ദിവസം പ്രിയങ്ക മണ്ഡലത്തില്‍ തങ്ങുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒദ്യോഗിക പരിപാടികളിലൊന്നും ഇവര്‍ പങ്കെടുത്തിട്ടുമില്ല.
അതേസമയം, കോണ്‍ഗ്രസില്‍ പുകയുന്ന വിഷയങ്ങളില്‍ പ്രിയങ്കയും ഇടപെട്ടതായാണ് വിവരം. നേരത്തേ സംസ്ഥാനത്തെ ഒമ്പത് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാന്‍ തീരുമാനിച്ചതില്‍ വയനാടും ഉണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരം, കോട്ടയം ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കാരണം മാറ്റം നീണ്ടുപോകുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *