വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെന്‍സിങ് പദ്ധതി നടപ്പാക്കി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
മുള്ളന്‍കൊല്ലി:വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍, സൗ രോര്‍ജ്ജം ഉപയോഗിച്ചുള്ള വിളക്കുകള്‍, തെരുവ് വിളക്ക് തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത് 17.03 കോടി രൂപ.ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടി രൂപയുടെ ഹാങിങ് ഫെന്‍സിങ് പദ്ധതി നടപ്പിലാക്കി.
ലൈഫ് ഭവന പദ്ധതിയില്‍ 81 വീടുകളാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. ഇതില്‍ 50 വീടുകള്‍ പൂര്‍ത്തിയായി. 31 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58 കുടുംബങ്ങള്‍ക്ക് വീട് റിപ്പയര്‍ ചെയ്യുന്നതിന് ധനസഹായം അനുവദിച്ചു. 64 കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മ്മാണത്തിനായി ധനസഹായം നല്‍കി. ഡിജി കേരളം പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ 2517 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി. കെ-സ്മാര്‍ട്ട് മുഖേന ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനാവശ്യങ്ങള്‍ക്കായി 32545 അപേക്ഷകള്‍ ലഭിക്കുകയും 31870 അപേക്ഷകള്‍ തീര്‍പ്പാക്കുകയും ചെയ്തു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന് സഞ്ചരിക്കുന്ന മൃഗാശുപത്രി യാഥാര്‍ഥ്യമാക്കി. ഇതുവഴി വളര്‍ത്തു മൃഗങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചത് മികച്ച ചുവടുവെയ്പ്പായി വികസന സദസ് വിലയിരുത്തി.വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വനപ്രദേശങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വാര്‍ഡുകള്‍ക്ക് പരിഗണന നല്‍കി 1000 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ 15 മിനി മാസ്റ്റ് ലൈറ്റുകള്‍, ഒരു ഹൈ മാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിച്ചു. ആറ് മിനിമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.സാമൂഹ്യക്ഷേമ മേഖല ലക്ഷ്യമാക്കി കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ഗോത്രവിഭാഗങ്ങള്‍ എന്നിവര്‍ക്കായി അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജന സംഗമം എന്നിവ സംഘടിപ്പിച്ചു. ഊരുത്സവം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ആറിന് ഊരുത്സവം നടത്തുമെന്നും സദസില്‍ അറിയിച്ചു.
വര്‍ദ്ധിച്ച് വരുന്ന ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കന്നതിനും ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിച്ചു. വനിത സംരഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി മുള്ളന്‍കൊല്ലിയില്‍ ടെക്സ്റ്റയില്‍ കം ഹരിതകര്‍മ്മ അപ്പാരല്‍ സേനാംഗങ്ങള്‍ക്കായി സ്റ്റിച്ചിങ് സ്ഥാപനം ആരംഭിക്കുന്നതിന് ധനസഹായം അനുവദിച്ചത് ഏറെ പ്രയോജനമായി. പനമരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് പാടിച്ചിറയില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചു.
മാലിന്യ സംസ്‌കരണം ലക്ഷ്യമാക്കി ഹരിതകര്‍മ്മ സേനയ്ക്ക് അജൈവ മാലിന്യ നീക്കം സുഗമമാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോ വാങ്ങി നല്‍കി, കേരള ഗ്രാമീണ്‍ ബാങ്കുമായി സഹകരിച്ച് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ഇലക്ട്രിക് ഓട്ടോ വാങ്ങി.
സംസ്ഥാനതല പ്രഥമ ആയുഷ് കായകല്‍പ്പ് പുരസ്‌കാരം മുള്ളന്‍കൊല്ലി ഗവ. മോഡല്‍ ഹോമിയോ ഡിസ്പന്‍സറിക്കും പാടിച്ചിറ ഗവ. ആയ്യുര്‍വ്വേദ ഡിസ്പന്‍സറിക്കും ലഭിച്ചു.
പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും റീഫ്രഷ്‌മെന്റ്‌റിനുമായി കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം പഞ്ചായത്തില്‍ തുടങ്ങി. പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ബസ് ഹാള്‍ട്ടിങ് സ്റ്റേഷനില്‍ വിശ്രമ കേന്ദ്രം ഒരുക്കിയത് ഉപകാരപ്രദമമായി.
ബഡ്‌സ് റീ ഹാബിലിറ്റേഷന്‍ സെന്ററില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ഹോമിയോ- ആയ്യുര്‍വ്വേദ ഡിസ്പന്‍സറികളോട് അനുബന്ധിച്ച് യോഗ ഹാളുകള്‍ നിര്‍മ്മിച്ചതും പ്രയോജനം ചെയ്തു. ഇരുപ്പൂട്, ഉദയക്കവല പകല്‍ വീടുകള്‍ക്ക് ഫര്‍ണ്ണീച്ചറുകള്‍ നല്‍കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. കുടിയാന്‍മല, പറുദീസ അങ്കണവാടികളുടെ നിര്‍മ്മാണത്തിനായി ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ചു. ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു വരുന്നതായി സദസില്‍ അറിയിച്ചു.പെരിക്കല്ലൂരില്‍ 22 ലക്ഷം രൂപ ചെലവഴിച്ച് വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹരായ പുതിയ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പും ലാപ്‌ടോപ്പുകളും നല്‍കി വരുന്നു.
30 അങ്കണവാടികളില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍, ഫര്‍ണ്ണീച്ചറുകള്‍, കിച്ചണ്‍ സ്റ്റാന്റ്, ഗ്യാസ് സ്റ്റൗ, അടുക്കള ഉപകരണങ്ങള്‍ എന്നിവ നല്‍കി.
മുതലിമാരന്‍, ചണ്ണോത്ത്‌കൊല്ലി പടിഞ്ഞാറെ ഉന്നതി എന്നിവിടങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ സാധ്യമാക്കി. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ഗ്രാമപഞ്ചായത്തായി മുള്ളന്‍കൊല്ലി മാറി. കടുത്ത വരള്‍ച്ചയില്‍ കിണറുകളും ജലാശയങ്ങളും വറ്റി ജലവിതരണം മുടങ്ങിയ സാഹചര്യത്തില്‍ കാരാപ്പുഴ റിസര്‍വ്വോയറില്‍ നിന്നും ചിരിത്രത്തിലാദ്യമായി ഗ്രാമപഞ്ചായത്ത് കബനിഗിരിയില്‍ ജനപങ്കാളിത്തോടെ നിര്‍മ്മിച്ച താത്ക്കാലിക തടയണയിലേക്ക് ശുദ്ധജലം എത്തിച്ച് പമ്പിങ് പുന:സ്ഥാപിച്ചു കുടിവെള്ള പ്രതിസന്ധി മറികടന്നത് അഭിനന്ദനം നേടി.
ജില്ലാ പഞ്ചായത്തിന്റെ 28 ലക്ഷം രൂപ ഉപയോഗിച്ച് നീറംപുഴ കുടിവെള്ള പദ്ധതി നടപ്പിലാക്കി. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ച് വനിത ഓപ്പണ്‍ ജിം നവീകരണ പ്രവര്‍ത്തിയും ആരംഭിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഗോത്ര വിഭാഗങ്ങള്‍ക്കും അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനായി എബിസിഡി ക്യാമ്പ് സംഘടിപ്പിച്ചു. 1700 പേര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്തു. വിഭിന്നശേഷിക്കാര്‍ക്കായി പെട്ടിക്കട, സ്‌കോളര്‍ഷിപ്പ്, മുച്ചക്രവാഹനം എന്നിവ ലഭ്യമാക്കി.ജില്ലയിലാദ്യമായി ഹോമിയോ ഡിസ്പന്‍സറിയുടെ സഞ്ചരിക്കുന്ന ആതുരാലയ സംവിധാനം ഒരുക്കി.
മുള്ളന്‍കൊല്ലി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഴ്‌സി ബെന്നി, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിതൊപ്പില്‍, ജിസ്റ മുനീര്‍,ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ജോസ് കണ്ടം തുരുത്തിയില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ കെ ചന്ദ്രബാബു, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശന്‍, ലില്ലി തങ്കച്ചന്‍, ജെസ്സി സെബാസ്റ്റ്യന്‍, പുഷ്പവല്ലി നാരായണന്‍, പി കെ ജോസ്, മഞ്ജു ഷാജി, സുധ നടരാജന്‍, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, പനമരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പി പി ഷിജി, ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സുപ്രണ്ട് കെ എം അബ്ദുള്ള,
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി സാജന്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, പൊതു ജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply