സുഗതകുമാരി ടീച്ചര്‍ക്ക് മീനങ്ങാടിയില്‍ സ്മൃതിവനം ഒരുങ്ങുന്നു
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തും പുറക്കാടി ദേവസ്വവും, തണല്‍, കിംസ് ഹെല്‍ത്ത് സി.എസ്.ആര് , കൃഷിഭവന്, എം എന്‍ ആര് ഇ ജി എ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുഗതകുമാരി ‘സ്മൃതിവനം’ വൃക്ഷത്തൈ നടീല്‍ പദ്ധതി കവിയും സാഹിത്യ നിരൂപകനുമായ കല്‍പ്പറ്റ നാരായണന് ആദ്യവൃക്ഷതൈ നട്ട്
ഉദ്ഘാടനം നിര്‍വഹിച്ചു.സുഗതകുമാരി ടീച്ചറിനെ ഓര്‍മ്മിക്കാനായി ഒരുക്കുന്ന സ്മൃതി വനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ടീച്ചറുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന വലിയ മരങ്ങളായി ഇവ വളരട്ടെയെന്നും കല്‍പ്പറ്റ നാരായണന് പറഞ്ഞു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ. വിനയന് അധ്യക്ഷനായി.
ഭൂമിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും ഏറ്റവും മികച്ച കൃതികളെഴുതിയ ടീച്ചറിനെ കുറിച്ചും അവര്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും മാഷ് ഓര്‍മ്മിപ്പിച്ചു.പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതു തിരിച്ചു പിടിക്കാനായി ഇതു പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രപരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ വിവിധ സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.ജയകുമാര്‍ യോഗത്തിന് സ്വാഗതം പറഞ്ഞു.
പ്രകൃതിയെയും പരിസ്ഥിതി വിദ്യാഭ്യാസത്തെയും ജീവിതത്തോട് ചേര്‍ത്ത സുഗതകുമാരി ടീച്ചര്‍ക്കുള്ള ജീവനുള്ള സ്മാരകമാണ് ഈ പദ്ധതി.പുറക്കാടി ദേവസ്വം നല്കിയ 3 ഏക്കര്‍ ഭൂമിയിലാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കുന്നത്.ക്ഷേത്രത്തിലേക്കുള്ള പൂജാ പുഷ്പങ്ങള്‍ക്കായുള്ള കൃഷിയും പദ്ധതിയുടെ ഭാഗമായി ഇവിടെ ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതിക്ക് മുതല്‍ക്കൂട്ടായി മികച്ച ഒരു കാര്‍ബണ്‍ സിങ്കായി സ്മൃതിവനം വളരും.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന ”സ്മൃതിപഥം” എന്ന പ്രത്യേക പരിപാടിയില്‍ എം. ഗംഗാധരന്, ജോയ് പാലക്കമൂല,സുമി മീനങ്ങാടി, രാജന് കെ. ആചാരി എന്നിവര്‍ പങ്കെടുക്കുകയും, സ്കൂള്‍ കുട്ടികള്‍ സുഗതകുമാരി ടീച്ചറുടെ കവിതകള്‍ ആലപിക്കുകയും ചെയ്തു.മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്,പുറക്കാടി ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രജീഷ് തിരുത്തിയില്‍, പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ നാരായണന് നമ്പൂതിരി എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജ്യോതി സി. ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തു. മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍. എസ്. എസ് വോളണ്ടിയര്‍സും എന്‍ എ. യു. പി. എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായി.ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡണ്ട് ശ്രീ. മനോജ് ചന്ദനക്കാവ് പരിപാടിക്ക് നന്ദിയര്‍പ്പിച്ച് സംസാരിച്ചു.





Leave a Reply