ജില്ലാ സ്കൂള്‍ കായിക മേളയില്‍ കായിക അധ്യാപകരോടുള്ള അവഗണനക്കെതിരെ പ്രതിഷേധം
കാലങ്ങളായി തുടരുന്ന അവഗണക്കെതിരേ ജില്ലാ സ്കൂള്‍ കായിക മേളക്കിടെ പ്രതിഷേധതിച്ച് കായിക അധ്യാപകര്‍.സംസ്ഥാനത്തെ പല ജില്ലകളിലും കായികാധ്യാപകര്‍ ജില്ലാ കായിക മേള ചുമതലയില്‍ നിന്ന് വിട്ടു നിന്നു. വായനാട്ടില്‍ ഇന്ന് നടന്ന ജില്ലാ സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം സംയുക്ത കായികാധ്യാപക സമിതിയുടെ നേതൃത്വത്തില്‍ മരവയല്‍ സ്റ്റേഡിയത്തില്‍ ട്രാക്കിലൂടെ പ്രതിഷേധ ജാഥ നടത്തി.65 വര്‍ഷം മുമ്പുള്ള കായികാധ്യാപക തസ്തിക നിര്‍ണയ മാനദണണ്ഡം പരിഷ്കരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതും വിദ്യാര്‍ഥി- അധ്യാപക അനുപാതം ക്രമീകരിക്കാത്തതിലും ശമ്പള വിവേചനവും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്.
നേരത്തേ ജില്ലാ കായിക മേളയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടു നില്ക്കാന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.
യു.പി സ്കൂളില്‍ 500 വിദ്യാര്‍ഥികള്‍ക്ക് ഒരു കായിക അധ്യാപകന് എന്ന നിലക്കാണ് തസ്തിക. 499 കുട്ടികള്‍ ആണെങ്കില്‍ പോലും തസ്തിക ഇല്ലാതാകും. ഇതോടെ ആ സ്കൂളില്‍ കായിക അധ്യാപകനെ ഒഴിവാക്കുകയും കുട്ടികളുടെ കഴിവുകള്‍ പുറത്തെടുക്കാനുള്ള സാഹചര്യവും പരിശീലവും കുറയും. അതേസമയം, 1000 കുട്ടികളുണ്ടെങ്കിലും ഒരു തസ്തിക മാത്രമേ ഒരു യു.പി സ്കൂളില്‍ അനുവദിക്കു. ഹൈസ്കൂളില്‍ 8,9 ക്ലാസുകളില്‍ കുറഞ്ഞത് 5 ഡിവിഷനുകളുണ്ടെങ്കിലേ കായികാധ്യാപക തസ്തിക അനുവദിക്കൂ. ഇത്തരത്തില്‍ നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതായി സംഘടനാ നേതാക്കള്‍ പറയുന്നു. ജില്ലയില്‍ മാത്രം അര ഡസനോളം സ്കൂളുകളില്‍ കായിക അധ്യാപക തസ്തിക നഷ്ടമായിട്ടുണ്ട്. 60 കായിക അധ്യാപകരാണ് നിലവില്‍ ജില്ലയില്‍ ഉള്ളത്. പല അധ്യാപകര്‍ക്കും യു.പി, ഹൈസ്കൂള്‍, പ്ലസ് ടു ക്ലാസുകളിലെ മുഴുവന്‍ കായിക പഠനവും ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ജോലി ഭാരം വളരെ കൂടുതലാണെങ്കിലും ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് യു.പി സ്കൂള്‍ അധ്യാപകരുടെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. പ്രമോഷനും ഇല്ല. ഇതെല്ലാം കായിക അധ്യാപകരോട് അധികൃതര്‍ പുലര്‍ത്തുന്ന വിവേചനത്തിന് ഉദാഹരണമായി അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 65 പഴക്കമുള്ള അശാസ്ത്രീയ മാനദണ്ഡങ്ങലും ചട്ടങ്ങളും പരിഷ്കരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.





Leave a Reply