വന പരിപാലന നയങ്ങള്‍ ചര്‍ച്ച ചെയ്ത് വിഷന്‍ 2031 സെമിനാര്‍
ബത്തേരി:അസന്തുലിത വനമേഖലകളെ സ്വാഭാവിക വനപ്രദേശങ്ങളാക്കി മാറ്റാനുള്ള ക്രിയാത്മകമായ ഇടപെടല്‍ ആവശ്യമാമെന്ന് വിഷന്‍ 2031 സംസ്ഥാനതല സെമിനാറിലെ ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു. കാടും നാടും വേര്‍തിരിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വനത്തെ സംരക്ഷിച്ച് വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു.വന മേഖലകളിലെ സെന്ന, തേക്ക് തുടങ്ങിയ അശാസ്ത്രീയ അധിനിവേശ സസ്യങ്ങള്‍ പരിപാലിപ്പിക്കുന്നതിന് പകരമായി ദീര്‍ഘ വീക്ഷണത്തോടെയുള്ള വന സംരക്ഷണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.
ആക്രമകാരികളായ വന്യ മൃഗങ്ങളെ പിടികൂടാനുള്ള കാലതാമസം ഒഴിവാക്കണം. വന്യജീവി ആക്രമണത്തിന് നല്കുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാനും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.വനമേഖലകളിലെ അധിനിവേശ സസ്യങ്ങളുടെ കൃത്യമായ വിവര ശേഖരണം നടത്തണം. പ്രതിരോധ സംവിധാനങ്ങള്‍ സമാന്തരമായി നടപ്പാക്കണം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാന്‍ പഞ്ചായത്ത് തലത്തില്‍ നടപടി ഉണ്ടെങ്കിലും നിയമം നടപ്പാക്കാന്‍ പ്രായോഗിക ഇടപെടല്‍ നടത്തണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. വന്യമൃഗങ്ങള്‍ക്കായി ഉള്‍വനങ്ങളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ഫ്രൂട്ട് ഫോറസ്റ്റ് ആശയം നടപ്പാക്കണമെന്ന ആശയവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഭാവി വനപരിപാലന, വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരട് നയ രേഖയില്‍ ഉള്‍പ്പെടുത്തി നൂതന ആശയങ്ങള്‍ രൂപീകരിക്കുമെന്നും അസീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ പി പുകഴേന്തി അറിയിച്ചു.
വനവത്ക്കരണം, സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനവും വന സംരക്ഷണവും, വന്യജീവി സംരക്ഷണം, മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം, കാലാവസ്ഥ വ്യതിയാനവും വനം വന്യജീവി സംരക്ഷണത്തിന്റെ ഭാവിയും, പങ്കാളിത്ത വനപരിപാലനവും വനാശ്രിത സമൂഹങ്ങളുടെ ഉന്നമനം, സാമൂഹിക വനവത്ക്കരണവും സാധ്യതകളും, ഇക്കോ ടൂറിസം സുസ്ഥിര സമീപനം, ആധുനിക വനവത്ക്കരണവും കാര്യക്ഷമമായ പൊതുജന സേവനവും, അടിസ്ഥാന സൗകര്യ വികസനവും മാനവ വിഭവശേഷി വികസനവും എന്നീ വിഷയങ്ങളില്‍ വിഷയ വിദഗ്ധര്‍, രാഷ്ട്രീയ-സാമൂഹിക- പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടന്നു.
സംസ്ഥാന ചീഫ് വൈല്‍ഡ് വാര്ഡന് ഡോ പ്രമോദ് ജി കൃഷ്ണന്, ഫോറസ്റ്റ് മാനേജ്മെന്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ എന്‍ ചന്ദ്രശേഖരന്, ഇക്കോ ഡെവലപ്മെന്റ് ആന്‍ഡ് ട്രൈബല്‍ വെല്‍ഫെയര്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ ജെ ജസ്റ്റിന് മോഹന്‍ എന്നിവര്‍ ചെയര്മാന്മാരും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, സുല്‍ത്താന്‍ ബത്തേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ റഷീദ് എന്നിവര്‍ കോ- ചെയര്മാന്മാരായ പാനലാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.





Leave a Reply