കല്‍പ്പറ്റ നഗരസഭാ ചെയര്‍മാനായി പി.വിനോദ് കുമാര്‍
കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാനായി കോണ്‍ഗ്രസിലെ പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.മടിയൂര്‍ ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറാണ് ഇദ്ദേഹം.കോണ്‍ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഡിസിസി പ്രസിഡന്റായി എഐസിസി നിയോഗിച്ചതിനു പിന്നാലെയായിരുന്നു ഐസക്കിന്റെ രാജി.
28 ഡിവിഷനുകളുള്ള നഗരസഭയില്‍ യുഡിഎഫിന് 15 ഉം എല്‍ഡിഎഫിനു 13ഉം കൗണ്‍സിലര്‍മാരുണ്ട്. യുഡിഎഫില്‍ മുസ്ലിംലീഗിനു ഒമ്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്.
മുസ്ലിം ലീഗിലെ ഓടമ്പത്ത് സരോജിനിയാണ് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍. ആക്ടിംഗ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചുവരികയാണ് ഇവര്‍.2020 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ മുസ്ലിംലീഗിലെ കെയെംതൊടി മുജീബും കോണ്‍ഗ്രസിലെ കെ. അജിതയുമാണ് യഥാക്രമം നഗരസഭയുടെ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണുമായത്. യുഡിഎഫ് ധാരണയനുസരിച്ച് ഇവര്‍ 2024 ജനുവരിയില്‍ രാജിവച്ച മുറയ്ക്കാണ് ഐസക്കും സരോജിനിയും പദവികളിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേയാണ് നഗരസഭയുടെ സാരഥ്യത്തില്‍ പുതിയ ആള്‍ എത്തുന്നത്.ഇന്നലെ ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് വിനോദ്കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്.





Leave a Reply