തദ്ദേശതെരഞ്ഞെടുപ്പ് :വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി പിടിക്കാന്‍ കരുത്തരെ കളത്തിലിറക്കി എല്‍ഡിഎഫ്. ജില്ലാ പഞ്ചായത്തിലെ തോമാട്ടുചാല്‍(ജനറല്‍), മുള്ളന്‍കൊല്ലി(പട്ടികവര്‍ഗ വനിത)ഒഴികെ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, എന്‍സിപി-എസ് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി എം.ടി. ഇബ്രാഹിം എന്നിവര്‍ സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ 11 എണ്ണത്തില്‍ സിപിഎമ്മും രണ്ട് വീതം ഡിവിഷനുകളില്‍ സിപിഐയും ആര്‍ജെഡിയും ഓരോ സീറ്റില്‍ എന്‍സിപി-എസും കേരള കോണ്‍ഗ്രസ്-എമ്മും മത്സരിക്കും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ തോമാട്ടുചാല്‍ ആര്‍ജെഡിക്കും മുള്ളന്‍കൊല്ലി കേരള കോണ്‍ഗ്രസ്-എമ്മിനും അനുവദിച്ചതാണ്. വനിതയ്ക്കു സംവരണം ചെയ്തതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.
നിലവിലെ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സിപിഎം സ്ഥാനാര്‍ഥി നിര. ബീന വിജയന്‍(മീനങ്ങാടി ജനറല്‍ ഡിവിഷന്‍), എം.പി. കുഞ്ഞുമോള്‍(അമ്പലവയല്‍-വനിത), ജസ്റ്റിന്‍ ബേബി(എടവക-ജനറല്‍), ടി.ആര്‍. ജിതിന്‍(തിരുനെല്ലി-ജനറല്‍), റഹീമ വാളാട്(തവിഞ്ഞാല്‍-വനിത), അനസ് റോസ്‌ന സ്റ്റെഫി(വൈത്തിരി-വനിത), പി.എം. ആസ്യ(തരുവണ-വനിത), സുധി രാധാകൃഷ്ണന്‍(വെള്ളമുണ്ട-വനിത), ബിന്ദു മനോജ്(നൂല്‍പ്പുഴ-വനിത), അനീറ്റ ഫെലിക്‌സ്(പനമരം-പട്ടികവര്‍ വനിത), കെ. ഹസീന(മുട്ടില്‍-വനിത) എന്നിവരാണ് സിപിഎം ടിക്കറ്റില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് ജനവിധി തേടുന്നത്.
കെ.എം. ബാബു(കേണിച്ചിറ-ജനറല്‍), എ. ബാലചന്ദ്രന്‍(മേപ്പാടി-ജനറല്‍)എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ആര്‍ജെഡി ടിക്കറ്റില്‍ പടിഞ്ഞാറത്തറയില്‍(പട്ടികവര്‍ഗ വനിത) ശാരദ മണിയന്‍ മത്സരിക്കും. തോമാട്ടുചാലിലെ(ജനറല്‍)സ്ഥാനാര്‍ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും. കണിയാമ്പറ്റ ഡിവിഷനില്‍(പട്ടികജാതി) എന്‍സിപിഎസിലെ പി.എം. സുകുമാരന്‍ ജനവിധി തേടും. മുള്ളന്‍കൊല്ലി(പട്ടികവര്‍ഗം) ഡിവിഷനിലെ സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ്-എം അടുത്ത ദിവസം പ്രഖ്യാപിക്കും.
സിപിഎം സ്ഥാനാര്‍ഥികളില്‍ 53കാരിയായ ബീന വിജയന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമാണ്. ജില്ലാ പഞ്ചായത്ത്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമാണ്. രണ്ടുതവണ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
എന്‍.പി. കുഞ്ഞുമോള്‍(58 വയസ്) സിപിഎം ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ്. പാര്‍ട്ടി മീനങ്ങാടി ഏരിയ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 59കാരനായ ജസ്റ്റിന്‍ ബേബി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്അധ്യക്ഷനാണ്. എടവക പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം പനമരം ഏരിയ കമ്മിറ്റിയംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. 37 വയസുള്ള കെ.ആര്‍. ജിതിന്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും യൂത്ത് ബ്രിഗേഡ് ജില്ലാ ക്യാപ്റ്റനുമാണ്. 28 വയസുള്ള റഹീമ വാളാട് കവയിത്രിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗത്തില്‍ ഗവേഷകയുമാണ്. 28കാരിയായ അനസ് റോസ്‌ന സ്റ്റെഫി പൊഴുതന പഞ്ചായത്ത് പ്രസിഡന്റാണ്. റിട്ട.അധ്യാപികയാണ് 63 വയസുള്ള പി.എം. ആസ്യ. പനമരം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റാണ് 45കാരിയായ സുധി രാധാകൃഷ്ണന്‍. 46കാരിയായ ബിന്ദു മനോജ് പാര്‍ട്ടി ബത്തേരി ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമാണ്. കാലാവധി കഴിഞ്ഞ പനമരം പഞ്ചായത്തംഗമാണ് 50 വയസുള്ള അനീറ്റ ഫെലിക്‌സ്. മുട്ടില്‍ പഞ്ചായത്ത് മുന്‍ അംഗമാണ് കെ. ഹസീന(51 വയസ്).
സിപിഐ ടിക്കറ്റില്‍ മത്സരിക്കുന്ന എ. ബാലചന്ദ്രന്‍ എഐടിയുസി ജില്ലാ കൗണ്‍സില്‍ അംഗവും മേപ്പാടി പഞ്ചായത്ത് മുന്‍ അംഗവുമാണ്. 70 വയസാണ്. 64കാരനായ കെ.എം. ബാബു റിട്ട.കൃഷി ഓഫീസറാണ്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമാണ്. ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കുന്ന 48കാരിയായ ശാരദ മണിയന്‍ കോട്ടത്തറ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. ആര്‍ജെഡി മഹിള ജില്ലാ സെക്രട്ടറിയാണ്. എന്‍സിപി-എസ് സ്ഥാനാര്‍ഥി പി.എം. സുകുമാരന്‍(66 വയസ്)ചെണ്ട കലാകാരനും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമാണ്. പട്ടികജാതി സംസ്ഥാന ഉപദേശക സമിതി മുന്‍ അംഗമാണ്.
നിലവിലെ 16 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതം പ്രതിനിധികളാണുള്ളത്. പ്രസിഡന്റായി കോണ്‍ഗ്രസിലെ സംഷാദ് മരക്കാറിനെയും വൈസ് പ്രസിഡന്റായി സിപിഐയിലെ എസ്. ബിന്ദുവിനെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞടുത്തത്.
ജില്ലയില്‍ ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് നേതാക്കള്‍ പറഞ്ഞു. മുന്നണി ജില്ലാതല പ്രകടന പത്രിക 21ന് പ്രസിദ്ധപ്പെടുത്തും. ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള സ്ഥാനാര്‍ഥികള്‍ 18ന് പത്രിക സമര്‍പ്പിക്കും.





Leave a Reply