June 30, 2026

പുൽപ്പള്ളി ഉത്സവത്തിൽ വിസ്മയമായി അമ്മമാരുടെ ഭരതനാട്യ അരങ്ങേറ്റം.

0
IMG_20260104_213710
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി:ചരിത്രപ്രസിദ്ധമായ പുൽപ്പള്ളി സീത ലവ-കുശ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന നൃത്തസന്ധ്യയിൽ വേറിട്ട കാഴ്ചയായി അമ്മമാരുടെ ഭരതനാട്യ അരങ്ങേറ്റം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നാല് അമ്മമാരാണ് തങ്ങളുടെ തിരക്കുകൾക്കിടയിലും നൃത്തം അഭ്യസിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചുവടുവെച്ചത്. പഴശ്ശിരാജ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വിമ്യ സതീഷ്, പുൽപ്പള്ളി ബവ്കോ ഔട്ട്‌ ലെറ്റ് എൽ ഡി ക്ലർക്ക് ദീപാ ഷാജി, സോഫ്റ്റ്‌വെയർ എൻജിനീയർ റീന രാഘവൻ, ലിലിയം ബ്രൈഡൽസ് സ്റ്റാഫ് ചിക്കു സുബിൻ എന്നിവരാണ് അരങ്ങേറ്റം കുറിച്ച അമ്മമാർ.

 

ഇവരിൽ ചിലരുടെ മക്കളും, അവരുടെ കൂട്ടുകാരുമായ വൈഗ കാർത്തിക, ആദി ലക്ഷ്മി, ആരാധ്യ ലക്ഷ്മി, അൻവിക എന്നിവർക്കൊപ്പം അമ്മമാരും ഒരേ വേദിയിൽ നൃത്തം ചെയ്തത് ഉത്സവത്തിനെത്തിയവർക്ക് കൗതുകകരമായ കാഴ്ചയായി. പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രത്തിലെ പരിശീലകയായ ഡോ. നാട്യ പൂർണ്ണ – കലാമണ്ഡലം റെസി ഷാജി ദാസാണ് ഇവരെ നൃത്തം അഭ്യസിപ്പിച്ചത്. ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിലായി 40 ൽ പരം വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിച്ചു. പ്രായഭേദമന്യേ കലയെ ഉപാസിക്കുന്ന അമ്മമാരുടെ ഈ ചുവടുവെപ്പ് നൃത്തസന്ധ്യയിലെ പ്രധാന ആകർഷണമായി മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *