February 1, 2026

കൽപ്പറ്റ എംഎൽഎ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തരുത്: പി.പി. ഷൈജൽ

0
IMG_20260131_202413
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ യോഗം ചേർന്നുവെന്നും അതിന്റെ ഭാഗമായി വയനാട്-കൊല്ലഗൽ ഹൈവേ വികസനത്തിന് ഫണ്ട് അനുവദിച്ചുവെന്നുമുള്ള എംഎൽഎയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ഭരിക്കുന്ന കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ ഏത് യോഗത്തിനാണ് പ്രതിപക്ഷ നേതാവും എംപിയും നേതൃത്വം നൽകിയതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവിടാൻ എംഎൽഎ തയ്യാറാകണമെന്ന് ഷൈജൽ ആവശ്യപ്പെട്ടു.

കൊല്ലഗൽ-വയനാട്-മലപ്പുറം (NH 766) ദേശീയപാത വികസനത്തിനായി 2017 മുതൽ നാഷണൽ ഹൈവേ അതോറിറ്റി പ്രൊപ്പോസലുകൾ സമർപ്പിച്ചു വരികയാണ്. ആദ്യം സമർപ്പിച്ച രണ്ടുവരി പാത നവീകരണത്തിനുള്ള പദ്ധതി കേന്ദ്ര മന്ത്രാലയം തള്ളുകയും നാലുവരി പാതയാക്കി മാറ്റാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ നീളുന്ന പുതിയ പ്രൊപ്പോസൽ തയ്യാറാക്കി. വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചിപ്ലിത്തോട് മുതൽ മരുതലാവ്-തളിമല ബൈപ്പാസ് വഴിയായാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കൽപ്പറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി ടൗണുകൾ ഒഴിവാക്കി ബൈപ്പാസുകൾ വഴിയാണ് നാലുവരി പാത നിർമ്മിക്കുക. ഇതിന്റെ ഡിപിആർ തയ്യാറാക്കുന്നതിനും സോയിൽ ടെസ്റ്റ് നടത്തുന്നതിനുമായി ഹരിയാനയിലെ സിവിൽ മന്ത്ര എന്ന കമ്പനിക്ക് രണ്ടര കോടി രൂപയുടെ കരാർ കേന്ദ്ര മന്ത്രാലയം നൽകിക്കഴിഞ്ഞു. കൂടാതെ, കൽപ്പറ്റയിൽ നാലുവരിപ്പാത പ്രവർത്തനം ആരംഭിക്കുന്നതിന് 1.79 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

യാഥാർത്ഥ്യം ഇതായിരിക്കെ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ പിതൃത്വം ഏറ്റെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എംഎൽഎ ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധി പോലും അവകാശപ്പെടാത്ത കാര്യങ്ങളാണ് എംഎൽഎ പ്രചരിപ്പിക്കുന്നത്. 2017-ൽ തുടങ്ങിയ പദ്ധതിയുടെ അന്തിമരൂപമാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം രീതികൾ മാന്യതയുള്ള ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും, താൻ ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ് എടുക്കുന്നതിൽ നിന്ന് എംഎൽഎ പിന്മാറണമെന്നും പി.പി. ഷൈജൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *