മുസ്ലിം ലീഗ് നിർമ്മിച്ച ബസ് സ്റ്റോപ്പ് പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചു; ജനകീയ പ്രതിഷേധത്തിന് മുന്നിൽ പഞ്ചായത്ത് അധികൃതർ പിന്മാറി
തോൽപ്പെട്ടി: തോൽപ്പെട്ടി നരിക്കല്ലിൽ മുസ്ലിം ലീഗ് നിർമ്മിച്ച ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാനുള്ള തിരുനെല്ലി പഞ്ചായത്ത് അധികൃതരുടെ നീക്കം ജനകീയ പ്രതിഷേധത്തെത്തുടർന്ന് താൽക്കാലികമായി ഉപേക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബസ് സ്റ്റോപ്പ് പൊളിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനക്കൂട്ടം രാവിലെ മുതൽ തന്നെ സ്ഥലത്ത് തടിച്ചുകൂടി. എന്നാൽ, ബസ് സ്റ്റോപ്പ് പൊളിക്കുന്നത് പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾ ശക്തമായ എതിർപ്പിലാണെന്നുമുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടപടിയിൽ നിന്ന് പിന്മാറുകയായിരുന്നു.
സിപിഎം ഭരിക്കുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഇതിനുമുമ്പ് ജനുവരി 13-നും 23-നും ബസ് സ്റ്റോപ്പ് പൊളിക്കാനായി നോട്ടീസ് പതിച്ചിരുന്നെങ്കിലും പ്രതിഷേധം മൂലം നടപ്പായിരുന്നില്ല. ഇത് മൂന്നാം തവണയാണ് അധികൃതർ നരിക്കല്ലിലെ ബസ് സ്റ്റോപ്പ് പൊളിക്കുമെന്ന് അറിയിക്കുന്നത്. പഞ്ചായത്ത് സ്ഥിരമായ ബസ് ഷെൽട്ടർ നിർമ്മിക്കുന്നതുവരെ നിലവിലുള്ളത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട ഭീമഹർജി നൽകിയിട്ടും അധികൃതർ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
സ്ഥലത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എഐസിസി മെമ്പർ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തിരുനെല്ലി സെക്രട്ടറി അബ്ദുൾ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി സെക്രട്ടറിമാരായ അഡ്വ. അബ്ദുൾ സലീം, അഡ്വ. എൻ.കെ. വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത്, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ പടയൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. യാതൊരു കാരണവശാലും ബസ് സ്റ്റോപ്പ് പൊളിക്കാൻ അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും ഇതിനെ പ്രതിരോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്ത് പോലീസ് പെട്രോളിംഗും ശക്തമാക്കിയിരുന്നു.





Leave a Reply