സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത ഗ്രന്ഥശാലാ ജില്ലയായി വയനാട്
കൽപ്പറ്റ: കേരള ഹരിത കേരള മിഷന്റെ നിബന്ധനകൾക്കനുസൃതമായ മാനദണ്ഡങ്ങൾ പാലിച്ച് വയനാട് ജില്ലയിലെ 265 ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളായി മാറി. ഇതോടെ സംസ്ഥാനത്ത് എല്ലാ വായനശാലകളും ഹരിത പദവി കൈവരിക്കുന്ന ആദ്യ ജില്ല എന്ന നേട്ടം വയനാട് സ്വന്തമാക്കി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്. ഓരോ താലൂക്കിലും ആദ്യഘട്ടത്തിൽ പത്ത് ഗ്രന്ഥശാലകൾ വീതം തിരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയാണ് ആദ്യഘട്ടത്തിൽ തന്നെ എല്ലാ നിബന്ധനകളും പൂർത്തിയാക്കി ഹരിത സാക്ഷ്യപത്രം നേടിയത്. മാനന്തവാടി, വൈത്തിരി താലൂക്കുകൾക്ക് പിന്നാലെ ബത്തേരി താലൂക്കും ലക്ഷ്യം കൈവരിച്ചതോടെയാണ് ജില്ല സമ്പൂർണ ഹരിത പദവിയിലേക്ക് എത്തിയത്.
കേണിച്ചിറ യുവപ്രതിഭ വായനശാലയിൽ നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ കോർഡിനേറ്റർ സുരേഷ് ബാബു ജില്ലയെ സമ്പൂർണ ഹരിത ഗ്രന്ഥശാലാ ജില്ലയായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ പി.കെ. സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ മുഖ്യപ്രഭാഷണം നടത്തുകയും കൗൺസിലിനുള്ള ഹരിത സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുകയും ചെയ്തു. ബത്തേരി താലൂക്കിനുള്ള സർട്ടിഫിക്കറ്റ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് നളരാജൻ ഏറ്റുവാങ്ങി. ചടങ്ങിൽ സി.എം. സുമേഷ്, വൈത്തിരി താലൂക്ക് സെക്രട്ടറി ദേവകുമാർ, മാനന്തവാടി സെക്രട്ടറി സുരേഷ്, പൂതാടി പഞ്ചായത്ത് കൺവീനർ എം.പി. മുരളീധരൻ, പഞ്ചായത്ത് ലൈബ്രറി സമിതി ചെയർമാൻ കെ.ജി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.എൻ. ഷാജി മാസ്റ്റർ സ്വാഗതവും യുവപ്രതിഭ ലൈബ്രറി പ്രസിഡന്റ് എം.എൻ. ദിവാകരൻ നന്ദിയും പറഞ്ഞു. വിവിധ വായനശാലകൾക്കുള്ള ഹരിത സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.





Leave a Reply