May 1, 2026

ആശങ്കകൾക്ക് വിരാമം; കുടകിൽ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യയെ കണ്ടെത്തി

0
WhatsApp Image 2026-04-05 at 7.29.52 PM
By ന്യൂസ് വയനാട് ബ്യൂറോ

മടിക്കേരി: കുടകിലെ തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യയെ (36) കണ്ടെത്തി. മൂന്ന് ദിവസമായി വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് നടത്തിവന്ന ഊർജിതമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. തടിയന്റെമോൾ മലയുടെ ഉൾഭാഗത്തുള്ള ചെങ്കുത്തായ ഒരു പ്രദേശത്തുനിന്നാണ് തിരച്ചിൽ സംഘം യുവതിയെ കണ്ടെത്തിയത്.

ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയും ഉൾക്കാട്ടിലേക്ക് പ്രവേശിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൊബൈൽ റേഞ്ച് ഇല്ലാത്തതും ഫോൺ സ്വിച്ച് ഓഫ് ആയതും കാരണം അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കേരള-കർണാടക പോലീസ് സംഘങ്ങളും വനംവകുപ്പിന്റെ പ്രത്യേക ടീമും ഡ്രോൺ നിരീക്ഷണത്തിലൂടെയും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയുമാണ് തിരച്ചിൽ നടത്തിയത്.

ശരണ്യയ്ക്ക് നേരിയ ക്ഷീണമല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക ശുശ്രൂഷകൾക്കായി ഇവരെ മടിക്കേരിയിലെ ആശുപത്രിയിലേക്ക് മാറ്റും.

കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഏപ്രിൽ രണ്ടിനാണ് ഒറ്റയ്ക്ക് കുടകിലെത്തിയത്. തടിയന്റെമോൾ കൊടുമുടി കയറുന്നതിനിടെ ഉച്ചയോടെയാണ് ഇവരെ കാണാതായത്. സുഹൃത്തിന് അയച്ച അവസാന ഫോട്ടോ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടന്നത്. വന്യജീവി സാന്നിധ്യമുള്ള മേഖലയായതിനാൽ ശരണ്യയുടെ തിരോധാനം വലിയ ആശങ്ക ഉയർത്തിയിരുന്നു. ശരണ്യയെ സുരക്ഷിതമായി കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *