May 18, 2026

ഭരണത്തുടർച്ച ഉറപ്പെന്ന് എൽഡിഎഫ്, 100ന് മുകളിൽ സീറ്റുകൾ നേടുമെന്ന് യുഡിഎഫ്

0
template for wayanad news (1)
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ പ്രാഥമിക വിശകലനം നടത്തി ആത്മവിശ്വാസം പ്രകടമാക്കി മുന്നണികൾ. ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറഞ്ഞത് കൃത്യമായ രാഷ്ട്രീയ വിശകലനത്തിന്റെ പശ്ചാത്തലത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാറ്റം വേണമെന്ന കാര്യം ജനം ഏറ്റെടുത്തിട്ടുണ്ടെന്നും ജനങ്ങൾ പിന്തുണക്കുമെന്ന് വിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

‘തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളുടെ മുമ്പിൽ വ്യക്തമായ പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ഇടതു ജനാധിപത്യ മുന്നണി വോട്ടിനെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ ഒരുതരത്തിലുള്ള ഭരണവിരുദ്ധ വികാരവും ജനങ്ങളിൽ നിന്ന് ഉണ്ടായില്ല. ജനക്ഷേമ നടപടികളും ജനങ്ങൾക്ക് ഉപകാരപ്രദമായ പൊതുവികസനങ്ങളും തുടരണമെന്ന നിലപാടാണ് ജനം സ്വീകരിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണാനുഭവവും യുഡിഎഫിന്റെ ഭരണാനുഭവവും കേരള സമൂഹത്തിന്റെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് എത്രയെന്നു പറയുന്നില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ല. ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനാകില്ല. എസ്ഡിപിഐയും ഇടതുമുന്നണിയും തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയിട്ടില്ല. മറ്റന്നാൾ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ചെയ്യാൻ കഴിയാതിരുന്ന ഉദ്യോഗസ്ഥർക്ക് വീണ്ടും അവസരം നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തമായ രാഷ്ട്രീയ വിശകലനത്തിന്റെ അടിത്തറയോടെയാണ് നൂറ് സീറ്റെന്ന പ്രവചനം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും പ്രവചനം നടത്തിയതും രാഷ്ട്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കൊട്ടക്കണക്ക് ഒരു തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

2001ൽ യുഡിഎഫിന് നൂറ് സീറ്റ് ലഭിച്ചതാണ്. 2005 മുതൽ ഒരുപാട് വിഭാഗങ്ങൾ യുഡിഎഫിനെ വിട്ടുപോയിട്ടുണ്ട്. അവരെയെല്ലാം തിരിച്ചു കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. 95 ശതമാനം പേരെ തിരിച്ചു കൊണ്ടുവന്ന നിശബ്ദമായ പൊളിറ്റിക്കൽ വർക്ക് ഞങ്ങൾ നടത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും ഉണ്ടായ അത്യപൂർവ്വമായ വിജയം, ഒരു കാലഘട്ടത്തും ഉണ്ടാകാത്ത വിജയം, ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഒരു പ്രതിപക്ഷത്തിനും കഴിയാത്ത വിജയമാണ് അത്. ചിട്ടയായ പ്രവർത്തനത്തിന്റെ രീതി, പ്രൊഫഷണലായി വർക്ക് ചെയ്യുന്ന രീതി, ഏത് കേഡർ പാർട്ടിയെ പോലും തോൽപ്പിക്കാൻ കഴിയാവുന്ന തരത്തിലുള്ള സംഘടനാ മികവും തിരഞ്ഞെടുപ്പ് പ്രവർത്തനവും യുഡിഎഫിന് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് അവയെല്ലാം. അതിന് തുടർച്ചയായിട്ടാണ് ഞാൻ കാണുന്നത്- വി.ഡി. സതീശൻ പറഞ്ഞു.

ഭരണത്തിൽ മാത്രമല്ല, ഭരണശൈലിയിലും രാഷ്ട്രീയ സംസ്കാരത്തിലും മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക തിരഞ്ഞെടുപ്പാണെന്നും വോട്ടിങ് ശതമാനം വർധിച്ചതിന്റെ എഫക്ട് റിസൾട്ട് വരുമ്പോൾ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിപരമായി ആരേയും ആക്രമിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വികസിത കേരളം വികസിത നേമം എന്ന കാഴ്ചപ്പാട് പോസിറ്റീവായി മുമ്പോട്ട് വെച്ചു. മാറ്റം വേണമെന്ന് ജനം ഏറ്റെടുത്തിരിക്കുന്നു. ഭരണത്തിൽ മാത്രമല്ല, ഭരണശൈലിയിലും രാഷ്ട്രീയ സംസ്കാരത്തിലും മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. വികസിത കേരളം, അഴിമതി രഹിത ഭരണത്തിന്റെ മാറ്റം, അവസരങ്ങളിലുള്ള മാറ്റം… അതാണ് ഞാൻ കാണുന്നത്. ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക തിരഞ്ഞെടുപ്പാണ്. വോട്ടിങ് ശതമാനം വർധിച്ചതിന്റെ എഫക്ട് റിസൾട്ട് വരുമ്പോൾ കാണാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *