നെഞ്ചിടിപ്പോടെ കേരളം? വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകൾ
കൽപ്പറ്റ: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഒരുക്കം പൂർത്തിയായി. കല്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ, സുല്ത്താന് ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക് സ്കൂൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. സ്ട്രോങ്ങ് റൂം തുറന്നു.
ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ വോട്ടുകളും ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. കൽപ്പറ്റ മണ്ഡലത്തിൽ 2413, സുൽത്താൻ ബത്തേരിയിൽ 3087, മാനന്തവാടിയിൽ 2861 വീതം പോസ്റ്റൽ വോട്ടുകളാണുള്ളത്. തിങ്കളാഴ്ച രാവിലെ വരെ ഇ.ടി.പി.ബി.എസ് വോട്ടുകൾ സ്വീകരിക്കും.
നിലവിൽ കൽപ്പറ്റ മണ്ഡലത്തിൽ 90, സുൽത്താൻ ബത്തേരി 194, മാനന്തവാടിയിൽ 106 ഇ.ടി.പി.ബി.എസ് വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.പി.ബി.എസ് വോട്ടുകൾ എന്നിവ എണ്ണാൻ ഓരോ മണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് ടേബിളുകൾ സജ്ജീകരിച്ചിട്ടുള്ളത്.





Leave a Reply