സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍ യൂണിറ്റുമായി വയനാട് ഗവ.എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍
മാനന്തവാടി: ഉപയോഗശൂന്യമായ പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് കുങ്കുമച്ചെടി ഉള്‍പ്പെടെ വളര്‍ത്താവുന്ന സംവിധാനം(സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ യൂണിറ്റ്)വയനാട് ഗവ.എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു. ഈ സംവിധാനത്തില്‍ പിഎച്ച് മൂല്യം, താപനില, ഈര്‍പ്പം, ജലസേചനം, പോഷകവിതരണം തുടങ്ങിയ ഘടകങ്ങള്‍ മുഴുവനായും സ്വയം നിയന്ത്രിതമാണ്. മൊബൈല്‍ ആപ്പ് വഴി ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. പരീക്ഷണവും ഗവേഷണവും ലക്ഷ്യമാക്കി രൂപകല്പന ചെയ്ത യൂണിറ്റ് ചെറുതും വലുതുമായ തോതില്‍ കൃഷി നടത്താനും മനുഷ്യാധ്വാനവും ജലനഷ്ടവും കുറയ്ക്കാനും മെച്ചപ്പെട്ട ഉത്പാദനം ഉറപ്പാക്കാനും സഹായകമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കാലാവസ്ഥ ആശ്രയമില്ലാത്ത ഇന്‍ഡോര്‍ കൃഷിക്ക് പ്രചോദനമായ ഈ ആശയം നഗരകൃഷിക്കും ഭാവിയിലെ സ്മാര്‍ട്ട് കാര്‍ഷിക രീതികള്‍ക്കും വഴിതെളിക്കും. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ കൃഷിരീതി രൂപപ്പെടുത്തുന്നതിന് ഉതകും. യൂണിറ്റിന്റെ രൂപകല്പന, നിര്‍മാണം ഉള്‍പ്പെടെ കാര്യങ്ങള്‍ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ലാബില്‍ അസി.പ്രഫ.വിപിന്‍ ചമ്പാടന്ന്റെ നേതൃത്വത്തില്‍ നാലാംവര്‍ഷ വിദ്യാര്‍ഥികളായ എം. സിദ്ധാര്‍ഥ്, പി. അതുല്‍, സഫദ്ര്‍ ഇര്ഫാന്, രേവന്ദ് അരവിന്ദ് എന്നിവരാണ് നിര്‍വഹിച്ചത്





Leave a Reply