മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളില്‍നിന്നു പഠിക്കണം: ഒ.കെ. ജോണി
കല്‍പ്പറ്റ: മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളെ പഠിപ്പിക്കുകയല്ല, ജനങ്ങളില്‍നിന്നു പഠിക്കുകയാണ് ചെയ്യേണ്ടതെന്ന് എഴുത്തുകാരന് ഒ.കെ. ജോണി. വയനാട് പ്രസ്ക്ലബില്‍ വി.ജി. വിജയന് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമ-സമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനായിരുന്ന വി.ജി. വിജയന്റെ ഒമ്പതാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രസ്ക്ലബും അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു അനുസ്മരണം.
അധികാരകേന്ദ്രങ്ങളോട് ചോദ്യം ചോദിക്കുക മാധ്യമപ്രവര്‍ത്തകരുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് ജോണി പറഞ്ഞു. ഭരണകൂടങ്ങളുടെ മര്‍ദന ഉപകരണമായി മാധ്യമങ്ങളില്‍ പലതും മാറി. ഭരണകൂടത്തെ ഭയന്ന് സ്വയം സെന്‍സര്‍ഷിപ്പിന് തയാറാകുന്ന മാധ്യമങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലും സാമൂഹിക ഉത്തരവാദിത്വവും യുക്തിബോധവും ഉണ്ടെങ്കില്‍ സങ്കുചിത താത്പര്യങ്ങളെ മറികടന്ന് ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയും. മനുഷ്യപ്പറ്റ് ഉള്ളതാകണം മാധ്യമവൃത്തി. എന്തിനുവേണ്ടിയാണ് എഴുതുന്നതെന്നും പറയുന്നതെന്നുമുള്ള കാഴ്ചപ്പാട് ഉണ്ടാകണം. ജനപക്ഷത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തനമാണ് വിജയനെ വ്യത്യസ്തനാക്കിയതെന്നും ജോണി പറഞ്ഞു.
അനുസ്മരണ സമിതി ചെയര്മാന് വിജയന് ചെറുകര അധ്യക്ഷത വഹിച്ചു. വി.ജി. വിജയന്റെ ഭാര്യ പി.കെ. വനജ, മകള്‍ അമൃത വിജയന്, ബി. രാധാകൃഷ്ണപിള്ള, അനുസ്മരണ സമിതി സെക്രട്ടറി സലാവുദ്ദീന്‍ കടവന്‍, എം. പുഷ്കരാക്ഷന്‍, ഷിബു പോള്‍, ഒ. മുസ്തഫ, ടി.എം. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ സ്വാഗതവും അനുസ്മരണ സമിതി നിര്‍വാഹക സമിതിയംഗം പി.എം. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.





Leave a Reply