June 27, 2026

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള അദാലത്ത് തിങ്കളാഴ്ച മുതൽ

0
WhatsApp Image 2026-06-06 at 6.39.04 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേൾക്കുന്നതിന് ജൂൺ എട്ട് തിങ്കളാഴ്ച മുതൽ ജൂൺ 11 വ്യാഴാഴ്ച വരെ ജില്ലാ കളക്ടറേറ്റിലെ റൗണ്ട് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തുന്നു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത്. ഫേസ് 1, ഫേസ് 2എ, ഫേസ് 2ബി പട്ടികകളിലെ ഗുണഭോക്താക്കളുടെയും ദുരന്തത്തിൽ മരണപ്പെട്ടവരുടെയും ലോണുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാമ്പിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ കൊണ്ടുവരേണ്ടതാണ്.

തിങ്കളാഴ്ച ഫേസ് 1 ഗുണഭോക്തൃ പട്ടികയിലെ ക്രമ നമ്പർ ഒന്ന് മുതൽ 100 വരെയുള്ളവരെയാണ് പരിഗണിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അറിയിപ്പ് പ്രകാരം മറ്റ് ഗുണഭോക്താക്കളെയും കേൾക്കും. കളക്ടറേറ്റിൽ നിന്നുള്ള അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ദുരന്തബാധിതർക്ക് 2024 ജൂലൈ 30ന് ഉണ്ടായിരുന്ന ബാങ്ക് ലോണുകൾ സംബന്ധിച്ച ബാങ്ക് ലോൺ സ്റ്റേറ്റ്മെന്റ്, പാസ് ബുക്ക് എന്നിവ ഉൾപ്പെടെ കൈവശമുള്ള രേഖകൾ അദാലത്തിൽ കൊണ്ടുവരണം. മരണപ്പെട്ടവരുടെ ലോൺ സംബന്ധിച്ച വിവരങ്ങൾ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കൾ ലഭ്യമാക്കണം. അദാലത്തിലെത്തുന്നവർ ആധാർ അല്ലെങ്കിൽ തിരിച്ചറിൽ രേഖയുടെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ലോൺ അക്കൌണ്ട് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അദാലത്തിൽ പങ്കെടുക്കുന്നതിന് വായ്പക്കാരൻ ചുമതലപ്പെടുത്തിയ സമ്മതപത്രം, മരണപ്പെട്ട വ്യകതിയുടെ അവകാശ രേഖകൾ എന്നിവയിൽ ലഭ്യമായവ കൊണ്ടുവരണമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *