വയനാട് മെഡിക്കൽ കോളേജിനായി സ്ഥലമെടുപ്പ് ഊർജ്ജിതമാക്കണം; ആരോഗ്യവകുപ്പ് മന്ത്രിക്ക് യു.ഡി.എഫ് നിവേദനം നൽകി
മാനന്തവാടി: വയനാട് ജില്ലാ മെഡിക്കൽ കോളേജിന്റെ സ്ഥലമെടുപ്പും ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതിനുള്ള നടപടികളും ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് മാനന്തവാടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) കമ്മിറ്റി നിവേദനം നൽകി. അമ്പുകുത്തിയിലെ ഭൂമിയോ, കുഴിനിലത്ത് കെ.എസ്.ഇ.ബിയുടെ കൈവശമുള്ള ഭൂമിയോ, അതല്ലെങ്കിൽ മറ്റ് ഏതെങ്കിലും അനുയോജ്യമായ ഭൂമിയോ കണ്ടെത്തി വയനാട് മെഡിക്കൽ കോളേജിൽ എല്ലാവിധ സംവിധാനങ്ങളും ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വിദഗ്ധ ഡോക്ടർമാരുടെ അഭാവം മൂലം നിലവിൽ രോഗികൾക്ക് യഥാവിധി ചികിത്സ ലഭിക്കുന്നില്ലെന്നും, തുടർന്ന് രോഗികളെ വ്യാപകമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും ഇതിന് അടിയന്തരമായി മാറ്റം വരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് മെഡിക്കൽ കോളേജായി ഉയർത്തിയതല്ലാതെ നേഴ്സുമാർ അടക്കമുള്ള ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മുന്നണി, ഉടനടി ഇവിടെ ജീവനക്കാരുടെ നിയമനം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിവേദനം സമർപ്പിക്കുന്ന ചടങ്ങിൽ ഉഷ വിജയൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക്ക്, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, ജില്ലാ യു.ഡി.എഫ് കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ, മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. എൻ.കെ. വർഗ്ഗീസ്, കൺവീനർ പടയൻ മുഹമ്മദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി. മൊയ്തു, സെക്രട്ടറി കൊച്ചി ഹമീദ്, പി.വി.എസ് മൂസ്സ, എം.ജി. ബിജു, എ.എം. നിഷാന്ത്, ജേക്കബ് സെബാസ്റ്റ്യൻ, ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, കബീർ മാനന്തവാടി, ജോസഫ് കളപ്പുരക്കൽ, കേളോത്ത് അബ്ദുള്ള, അഡ്വ. അബ്ദുൽ റഷീദ് പടയൻ, അഡ്വ. ജവഹർ, അഷ്റഫ്, ഹംസ ഇസ്മാലി എന്നിവർ സംബന്ധിച്ചു.





Leave a Reply