മാനന്തവാടിയിൽ ചായക്കും ചെറുകടികൾക്കും വില ഏകീകരിക്കുന്നു; ജൂലൈ 15 മുതൽ 12 രൂപ വീതം ഈടാക്കാൻ തീരുമാനം
മാനന്തവാടി: നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ബേക്കറികൾ, ചായക്കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായക്കും ചെറുകടികൾക്കും 12 രൂപ വീതമായി വില ഏകീകരിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനമായി. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെയും പലവ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് കച്ചവടക്കാർ വില കൂട്ടിയിരുന്നെങ്കിലും, നഗരത്തിലെ വിവിധയിടങ്ങളിൽ വ്യത്യസ്ത നിരക്കുകളായിരുന്നു ഈടാക്കിയിരുന്നത്. ഇതിനിടെ നഗരസഭ ആരോഗ്യവകുപ്പിന് ലഭിച്ച വ്യാപക പരാതികളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ അധികൃതരും ഹോട്ടൽ-റസ്റ്റോറൻ്റ് ഉടമകൾ, ബേക്കറി ഉടമകൾ, വഴിയോര തട്ടുകട കച്ചവടക്കാർ എന്നിവരും പങ്കെടുത്ത് അടിയന്തിര യോഗം ചേർന്നത്.
വില ഏകീകരണത്തിന് പുറമെ സ്ഥാപനങ്ങളിൽ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ എന്നും, വലിയ സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ അടുക്കളകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും ശുചിത്വം പൂർണ്ണമായി പാലിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുന്ന സ്ഥാപനങ്ങൾക്ക് ആദ്യഘട്ടത്തിൽ പിഴ ചുമത്തുമെന്നും, കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പുതുക്കിയ വില ഏകീകരണം ജൂലൈ 15 മുതൽ നിലവിൽ വരുമെന്ന് നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി.
അതേസമയം, ഹോട്ടൽ മേഖല വലിയ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും, വില ഏകീകരണം നഗരസഭയുടെ ആവശ്യപ്രകാരം താൽക്കാലികമായി മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ തീരുമാനം പുനഃപരിശോധിക്കാൻ നഗരസഭ തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു. നഗരസഭയിൽ നടന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു മന്ന, യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ, വഴിയോര തട്ടുകട തൊഴിലാളി ഫെഡറേഷൻ പ്രതിനിധികളായ വി. ഷറഫുദ്ദീൻ, കേളോത്ത് നവാസ്, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലേഖാ രാജീവൻ, പി. വി. ജോർജ്, പി. വി. എസ്. മൂസ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാരായ വി. യു. ജോയ്, പി. കെ. ഹംസ, സജ്ന, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എസ്. ഷൈജു എന്നിവർ സംബന്ധിച്ചു.





Leave a Reply