July 21, 2026

വയനാട്ടിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

0
IMG_20260721_102023
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ ഒരു വിദ്യാർഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുൻപ് ചികിത്സ തേടിയ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന ഈ വിദ്യാർഥിയുടെ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതിനുപുറമേ, ഇതേ കോളേജിലെ മറ്റ് നാല് വിദ്യാർഥികൾ കൂടി രോഗലക്ഷണങ്ങളോടെ നിലവിൽ ചികിത്സ തേടിയിട്ടുണ്ട്. ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ ഹോസ്റ്റൽ അന്തേവാസിയും മൂന്നുപേർ പുറത്ത് താമസിച്ച് പഠിക്കുന്നവരുമാണ്.

 

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജുവിൻ്റെ അധ്യക്ഷതയിൽ പേര്യ സി.എച്ച്.സി ജീവനക്കാരെയും കോളേജ് അധികൃതരെയും ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ തിങ്കളാഴ്‌ച രാത്രിയോടെ ലക്ഷണങ്ങളുള്ള എല്ലാ വിദ്യാർഥികളെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഒൻപതിന് ജില്ലാ മെഡിക്കൽ ഓഫീസർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കോളേജിൽ അവലോകന യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

 

ഈ വർഷം ജൂൺ ആദ്യവാരത്തിൽ നെന്മേനി പഞ്ചായത്തിലെ മാർ ബസേലിയസ് എ.യു.പി. സ്‌കൂളിൽ ഷിഗല്ല റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് 17 കുട്ടികൾക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ഞൂറിലധികം പേർ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ വ്യാപനം പൂർണ്ണമായി നിയന്ത്രണവിധേയമാക്കി ഒരു മാസം പിന്നിടുമ്പോഴാണ് ജില്ലയിൽ വീണ്ടും ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്യുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *