July 31, 2026

അട്ടപ്പാടിയിലെ ഭൂമി വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ ​ആരോപണങ്ങളുമായി അംഗങ്ങൾ

0
WhatsApp Image 2026-07-31 at 7.51.38 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രവർത്തനം നിലച്ചതും സാമ്പത്തികാരോപണങ്ങൾ നേരിടുകയും ചെയ്ത സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള അട്ടപ്പാടിയിലെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപണവുമായി ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ. അട്ടപ്പാടിയിലെ ഭൂമി വിൽപനയിൽ ലഭിച്ച 1.30 കോടി രൂപയിൽ 25 ലക്ഷം രൂപ സി.ഇ.ഒ ഡയരക്ടർ ബോർഡിനെ കബളിപ്പിച്ച് സ്വന്തം നിലയിൽ പിൻവലിച്ചെന്നാണ് ആരോപണം.

അട്ടപ്പാടി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുകയിൽ രണ്ട് അറ്റാച്ച്‌മെന്റുകളിലായി നൽകിയ 44 ലക്ഷം രൂപ കഴിച്ചുള്ള തുക മീനങ്ങാടി സർവീസ് സഹകരണ ബാങ്കിലേക്കും സുൽത്താൻ ബത്തേരി ഇസാഫ് ബാങ്കിലേക്കും മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ചെയർമാൻ മുൻകൂട്ടി ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ചത്. ഡയരക്ടർ ബോർഡ് യോഗ തീരുമാനങ്ങൾ പിന്നീട് കൃത്യമായി എഴുതി ചേർക്കുന്നതിനാവശ്യമായ പേജ് ഒഴിവാക്കി അംഗങ്ങൾ മിനുട്ട്‌സ് ബുക്കിൽ ഒപ്പിടുന്ന രീതി മറയാക്കിയാണ് സി.ഇ.ഒ സ്വന്തം ശമ്പള കുടിശിക എടുക്കാൻ ബോർഡ് യോഗം അനുമതി നൽകിയെന്ന് മിനുട്‌സിൽ രേഖപ്പെടുത്തി പണം പിൻവലിച്ചത്. ഭൂമി ഇടപാടിൽ ലഭിച്ച തുക മുൻ ചെയർമാനും സി.ഇ.ഒയും ഇവർക്കെതിരേ ഇതര ജില്ലകളിലുള്ള ചെക്ക് കേസുകൾ ഒത്തുതീർപ്പാക്കാൻ ഉപയോഗിച്ചെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.

ക്രമക്കേട് സംബന്ധിച്ച് പൊലിസിന് പരാതി നൽകണമെന്നും 25 ലക്ഷം രൂപ പിൻവലിച്ചത് സമ്മതിക്കുന്ന ബന്ധപ്പെട്ടവരുടെ ശബ്ദ സന്ദേശങ്ങൾ കൈവശമുണ്ടെന്നും സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപമുള്ള അംഗങ്ങൾ യോഗത്തിൽ പറഞ്ഞു. ആരോപണവിധേയരായ ചെയർമാൻ പി.കെ സുരേഷ് രാജിവച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിലാണ് സി.ഇ.ഒ, മുൻ ചെയർമാൻ എന്നിവർക്കെതിരേ കടുത്ത സാമ്പത്തിക ആരോപണങ്ങൾ ഉയർന്നത്. സി.ഇ.ഒ സുനിൽകുമാർ നിലവിൽ അവധിയിലാണ്.

യോഗത്തിൽ പുതിയ ചെയർമാനായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂരിനെ തിരഞ്ഞെടുക്കുകയും സൊസൈറ്റി ജീവനക്കാരിയായ സുജാതയ്ക്ക് സി.ഇ.ഒയുടെ താൽകാലിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ സൊസൈറ്റി പ്രവർത്തനം പുനഃരാരംഭിക്കാനാണ് പുതിയ ചെയർമാന്റെ നേതൃത്വത്തിലുള്ള ഡയരക്ടർ ബോർഡിന്റെ ആലോചന. മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ടു കണ്ട് ചർച്ച നടത്തുന്നതിനും നീക്കമുണ്ട്. ‌‌‌

ഇക്കഴിഞ്ഞ ഫെബ്രുവരിൽ എൽ.ഡി.എഫ് സർക്കാർ സെസൈറ്റിയുടെ ആധുനിക വൽകരണത്തിനും പ്രവർത്തന മൂലധനവുമായി 10 കോടി രൂപ അനുവദിച്ചിരുന്നു. ബാധ്യതകൾ തീർക്കാൻ തുക വിനിയോഗിക്കരുതെന്ന നിബന്ധനയോടെ ക്ഷീര വികസന വകുപ്പാണ് തുക അനുവദിച്ചത്. എന്നാൽ സർക്കാർ മാറിയതോടെ കള്ളപ്പണം വെളിപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തികാരോപണം നേരിടുന്ന സൊസൈറ്റിക്ക് ഈ പണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചിഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള നീക്കമെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *