പരീക്ഷണശാലകളെ അടുത്തറിയാം; ‘ലാബ് ക്യൂരിയോസിറ്റീസ്’ പദ്ധതിക്ക് തുടക്കം
സുൽത്താൻബത്തേരി: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) വയനാട് സംഘടിപ്പിക്കുന്ന വിജ്ഞാന കൗതുകം പരിപാടിയുടെ ഭാഗമായുള്ള ‘ലാബ് ക്യൂരിയോസിറ്റീസ്’ പദ്ധതി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ആദ്യ കലാലയമായ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോർജ്ജ് മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ കണ്ടും കേട്ടും ചിന്തിച്ചും എഴുതിയുമാണ് പഠിക്കേണ്ടതെന്ന് സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ജോർജ്ജ് മാത്യു ഓർമ്മിപ്പിച്ചു. സ്റ്റെർക്ക് ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലയിലെ കലാലയങ്ങൾ, എഞ്ചിനീയറിംഗ് കോളേജുകൾ, കാർഷിക ഗവേഷണ കേന്ദ്രം, വെറ്ററിനറി സർവകലാശാല എന്നിവടങ്ങളിലെ പരീക്ഷണശാലകൾ സന്ദർശിക്കാനും ഉപകരണങ്ങൾ പരിചയപ്പെടാനും പരീക്ഷണങ്ങൾ നേരിട്ട് ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിവിധ സ്കൂളുകളിൽ നിന്നായി 5 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.

സെന്റ് മേരീസ് കോളേജിലെ ഫിസിക്സ് ലാബാണ് വിദ്യാർത്ഥികൾക്കായി ക്രമീകരിച്ചത്. ഡിഗ്രി, പി.ജി വിദ്യാർത്ഥികൾ കുട്ടികൾക്ക് വഴികാട്ടികളായി പ്രവർത്തിച്ചു. അധ്യാപകരുടെ നേതൃത്വത്തിലാണ് ഇവർക്ക് ആവശ്യമായ പരിശീലനം നൽകിയത്.
ഇരുട്ടുമുറിയിൽ ഒരുക്കിയ പ്രകാശപരീക്ഷണങ്ങൾ (അപവർത്തനം, ഡിഫ്രാക്ഷൻ, സ്കാറ്ററിംഗ്, സ്പെക്ട്രോമീറ്റർ ഉപയോഗിച്ചുള്ള സ്പെക്ട്രം നിരീക്ഷണം) വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. കൂടാതെ പി.ജി ഫിസിക്സ് ലാബിലെ തരംഗ സൃഷ്ടി, വൈദുതി ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങളുടെ പരിചയപ്പെടുത്തൽ, വൈദ്യുതകാന്ത പരീക്ഷണങ്ങൾ, വിവിധ ഭൗതികശാസ്ത്ര തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനോപകരണങ്ങൾ എന്നിവയും കുട്ടികളിൽ ഏറെ ജിജ്ഞാസ ഉണർത്തി. ആകാശനിരീക്ഷണത്തിനായുള്ള വലിയ ടെലിസ്കോപ്പും അത് ഉപയോഗിച്ചെടുത്ത ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും ചിത്രങ്ങളും പരിചയപ്പെടുത്തിയത് കുട്ടികളിൽ രാത്രികാല ആകാശനിരീക്ഷണത്തിനുള്ള ആഗ്രഹം വളർത്തി.

ഫിസിക്സ് വിഭാഗം മേധാവി ശ്രീജിത്ത് സി.എസ്., അസിസ്റ്റന്റ് പ്രൊഫസർമാരായ ജയേഷ് ജോർജ്ജ്, ഭാഗ്യരാജ് സി.പി., ഷിബിന, ഫെബിൻ വർഗീസ്, ലാബ് അസിസ്റ്റന്റുമാരായ സിജോയി സ്റ്റീഫൻ, രഞ്ജു കെ. പൗലോസ് എന്നിവർ പരീക്ഷണങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്റ്റെർക്ക് സി.ഇ.ഒ. ടോമി എം.എം., വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ, കെ.എസ്.എസ്.പി. മേഖല പ്രസിഡന്റ് പി.കെ. രാജപ്പൻ, ആഗ്നസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




Leave a Reply