September 26, 2026

വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ച: സിപിഐ എം പ്രതിഷേധിച്ചു

0
IMG_20260925_154255
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്ററിലെ ചോർച്ചയെ തുടർന്ന് തിമിര ശസ്ത്രക്രിയകൾ മുടങ്ങി. ഇതോടെ രോഗിയും ബന്ധുക്കളും സിപിഐ എം പ്രവർത്തകരും മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മുന്നിൽ പ്രതിഷേധിച്ചു.

 

ഇരിട്ടി സ്വദേശിനിയായ കുമാരി (73)നാണ് വെള്ളിയാഴ്‌ച വലതു കണ്ണിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം ആദ്യം ശസ്ത്രക്രിയക്കായി ഡേറ്റ് നൽകി, എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് എത്തിയപ്പോഴും ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ചയാണെന്ന് പറഞ്ഞ് ഈ മാസം 25ലേക്ക് മാറ്റി നൽകുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കി 8.30ഓടെ ആശുപത്രിയിലെത്തി, ശസ്ത്രക്രിയ വസ്ത്രം ധരിച്ച് ഓരോ പത്തു മിനിറ്റിലും കണ്ണിൽ മരുന്നൊഴിച്ച് കാത്തിരുന്ന രോഗിയോട് 9.15ഓടെ തിയേറ്റർ വീണ്ടും ചോർന്നൊലിക്കുകയാണെന്നും ശസ്ത്രക്രിയ നടക്കില്ലെന്നും മറ്റ് ആശുപത്രിയിലേക്ക് ഡിസ്‌ചാർജ്ജ് ചെയ്യാമെന്നും ഡോക്‌ടർമാർ അറിയിച്ചു.

 

ഇതിനെത്തുടർന്ന് ബന്ധുക്കൾ വിവരമറിയിച്ചതിൻപ്രകാരം സിപിഐ എം നേതാക്കളും രോഗിയും ബന്ധുക്കളും ചേർന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി കെ ജീവൻലാലിന്റെ മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശക്തമായ പ്രതിഷേധത്തിനൊടുവിൽ, ചോർച്ച അടിയന്തിരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും കുമാരി ഉൾപ്പെടെയുള്ളവരുടെ ശസ്ത്രക്രിയകൾ താമസമില്ലാതെ ചെയ്തു നൽകുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

 

സിപിഐ എം നേതാക്കളായ കെ ടി വിനു, എ കെ റൈഷാദ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ചോർച്ചയെ തുടർന്ന് ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്റർ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *