October 6, 2026

പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസിന് ചരിത്രനേട്ടം; ആറ് പൂർവവിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം

0
IMG-20261006-WA0146
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മികച്ച വിജയം കരസ്ഥമാക്കി വിവിധ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടി പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസിലെ ആറ് പൂർവ്വ വിദ്യാർത്ഥികൾ നാടിന്റെ അഭിമാനമായി മാറി. ഈ ചരിത്രനേട്ടം കൈവരിച്ച പൂർവവിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫൈറൂസ് സലാമ (ഗവ. മെഡിക്കൽ കോളേജ്, കടപ്പ), അൽഷ അഫ്രിൻ (ഗവ. മെഡിക്കൽ കോളേജ്, തിരുനെൽവേലി), അനുപ്രിയ സി.വി. (വിംസ് മെഡിക്കൽ കോളേജ്, മേപ്പാടി), ഷാന അലി (ഗവ. മെഡിക്കൽ കോളേജ്, ഇടുക്കി), ഹസ്ന നിഹാല കെ. (ഗവ. മെഡിക്കൽ കോളേജ്, ഊട്ടി), നിദ ഫാത്തിമ ടി. (ഗവ. മെഡിക്കൽ കോളേജ്, പരിയാരം) എന്നിവരാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.

 

രാജ്യത്താകമാനം 24 ലക്ഷത്തോളം വിദ്യാർത്ഥികൾ മാറ്റുരച്ച കടുത്ത മത്സരപരീക്ഷയിൽ, മുൻനിര റാങ്കുകൾ സ്വന്തമാക്കി ഒരു ഗ്രാമീണ വിദ്യാലയത്തിൽ നിന്ന് ആറ് പേർക്ക് ഒന്നിച്ച് അഡ്മിഷൻ ലഭിച്ചത് നാടിനും സ്കൂളിനും വലിയ നേട്ടമാണെന്ന് ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി. ആദ്യ പരീക്ഷാ റദ്ദാക്കൽ ഉൾപ്പെടെയുള്ള പ്രതിസന്ധികളും കനത്ത മാനസിക സമ്മർദ്ദങ്ങളും അതിജീവിച്ച് രണ്ടാം പരീക്ഷയിൽ മിന്നുന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളുടെ ഇച്ഛാശക്തി അഭിനന്ദനാർഹമാണെന്ന് സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു. നേരത്തെ, ഇതേ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങി നഴ്സസ് ക്വാട്ട വഴി എം.ബി.ബി.എസ് പ്രവേശനം നേടി ശ്രദ്ധേയ വിജയം കൈവരിച്ച രമ്യ എം.സി.യെയും ചടങ്ങിൽ അനുസ്മരിക്കുകയും അനുമോദിക്കുകയും ചെയ്തു.

 

പി.ടി.എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്ത അനുമോദന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ പി. എ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ ലത്തീഫ് പുനത്തിൽ മുഖ്യാതിഥിയായിരുന്നു. എം.പി.ടി.എ വൈസ് പ്രസിഡണ്ട് ഷീജ, സ്കൂൾ എച്ച്.എം അബ്ദുൽസലാം, അധ്യാപകരായ ഷീജ ചാക്കോ, നാസർ എം, ഷാഹിന പി.കെ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ പി.ജെ ജയ്സൺ സ്വാഗതവും അജ്മൽ സാദിക്ക് നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *