October 28, 2026

വയനാടിന്റെ യാത്രാദുരിതം പരിഹരിക്കണം: മുഖ്യമന്ത്രിക്ക് വ്യാപാരി ഏകോപന സമിതി നിവേദനം നൽകി

0
IMG-20261027-WA0175
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ചുരം റോഡിലെ യാത്രാദുരിതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയിയുടെ നേതൃത്വത്തിലാണ് നിവേദക സംഘം മുഖ്യമന്ത്രിയെ കണ്ടത്. എൻ.എച്ച് 766-ലെ വയനാട് ചുരം റോഡിലെ ഗതാഗത തടസ്സം പരിഹരിക്കുക, പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് നിർമ്മാണം പൂർത്തിയാക്കുക, നിർത്തിവെച്ച ആനക്കാംപൊയിൽ – മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുക, മുത്തങ്ങ – ഗുണ്ടൽപേട്ട, ബാവലി – ഹാൻഡ്പോസ്റ്റ് റൂട്ടുകളിലെ രാത്രികാല യാത്രാ നിരോധനം ഒഴിവാക്കുക, കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മാണം പൂർത്തിയാക്കുക, വയനാട്ടിൽ വിമാനത്താവളം സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.

 

രാത്രി യാത്രാ നിരോധനം ഒഴിവാക്കുന്നതിനും ബൈരക്കുപ്പ പാലം നിർമ്മാണം ആരംഭിക്കുന്നതിനുമുള്ള കാര്യങ്ങൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. വയനാട് എം.പി പ്രിയങ്കാ ഗാന്ധിയും ഇക്കാര്യത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് അറിയിച്ച അദ്ദേഹം ചുരം യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും വ്യക്തമാക്കി. നിവേദക സംഘത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി ദേവരാജൻ കൊല്ലം, വർക്കിംഗ് പ്രസിഡന്റ് കെ. ബാപ്പു ഹാജി, എ.ജെ. ഷാജഹാൻ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *