മനസ്സുകൊണ്ട് സുധീഷ് കാൻസറിനെ തോൽപ്പിച്ചു :ഒടുവിൽ ആ പോരാളിയെ മരണം കൊണ്ടുപോയി.
ഗ്രന്ഥ ശാല – പരിസ്ഥിതി പ്രവർത്തകൻ സുധീഷ് കരിങ്ങാരി നിര്യാതനായി.
മാനന്തവാടി: പരിസ്ഥിതി വിദ്യാഭ്യാസരംഗത്ത് വയനാട്ടിലെ നിറസാന്നിധ്യമായിരുന്ന സുധീഷ് കരിങ്ങാരി നിര്യാതനായി. പരിസ്ഥിതി പ്രവർത്തനത്തോടൊപ്പം ഗ്രന്ഥശാല പ്രസ്ഥാനത്തിലും അദ്ദേഹം സജീവമായിരുന്നു. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം , നവജീവൻ ലൈബ്രറി കരിങ്ങാരി എന്നിവയിൽ മുൻകാലങ്ങളിൽ സെക്രട്ടറി പ്രസിഡൻറ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടിയിലെ പരിസ്ഥിതി കൂട്ടായ്മയായ ഫേൺസ് , ഗ്രീൻലവേഴ്സ് എന്നീ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വയനാട് ജില്ലയിലെ സ്കൂൾ പരിസ്ഥിതി കൂട്ടായ്മയായ ഹരിതസേനയുടെ ജോ. കൺവീനർ ആയും പ്രവർത്തിക്കുന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രോജക്ട് ഫെലോ എന്ന നിലയിൽ വയനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ പരിസ്ഥിതി പഠനത്തിന് നേതൃത്വം നൽകി. വനം വകുപ്പ് എല്ലാവർഷവും വിദ്യാർത്ഥികൾക്ക് നടത്തിവരുന്ന പരിസ്ഥിതി ബോധവൽക്കരണ ക്യാമ്പുകളിൽ ദീർഘകാലമായി ക്ലാസുകൾ എടുക്കാറുണ്ട് . ചിത്രകലയിലും അതീവ താല്പര്യമുള്ള സുധീഷ് തുണികളിലും കടലാസുകളിലും തയ്യാറാക്കിയ പോസ്റ്റുകൾ ബാനറുകൾ എന്നിവ ശ്രദ്ധേയമായിരുന്നു. തരുവണ ആറുവൈത്തിൽ പരേതനായ വേലായുധൻ- സുലോചന ദമ്പതികളുടെ മകനാണ് സുധീഷ്. അസുഖ ബാധിതനായിരിക്കെ മേപ്പടി സ്വാകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ അനുശ്രീ. മകൻ അദ്വിക്. സഹോദരി :സുബിത.
അർബുദ ബാധിതനായി ചികിത്സക്ക് ശേഷവും വിവിധ ഇടങ്ങളിൽ പരിസ്ഥിതി ക്ലാസ്സ് നയിച്ചിരുന്നു. മനസ്സുകൊണ്ട് അർബുദത്തെ തോൽപ്പിച്ച സുധീഷിനെ പക്ഷേ ഒടുവിൽ മരണം കൊണ്ടുപോയി. വേദനയോടെയാണ് പലരും ആ ദു:ഖവാർത്ത കേട്ടത്. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പരിസ്ഥിതിക്ക് വേണ്ടി എന്നും ഒരു പോരാളിയായി നിലകൊണ്ട സുധീഷ് ഇനി ജനമനസ്സുകളിൽ ജീവിക്കും.




Leave a Reply