June 23, 2026

കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി ഉടൻ പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്.

0
IMG-20190924-WA0391.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ടതും ഏറെ യാത്രാ പ്രാധാന്യമുള്ളതുമായ കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി നിലച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമയുടെ നേതൃത്വത്തില്‍ ജനകീയ റോഡ് ആക്ഷന്‍ കമ്മിറ്റി, പൊതുമരാമത്ത് ഡിവിഷന്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം  കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ചെയര്‍മാന്‍ എം .എ .ജോസഫ്, കണ്‍വീനര്‍ ഷമീം പാറക്കണ്ടി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി, സി ഇ ഹാരിസ്, പി കെ അബ്ദുറഹിമാന്‍, നജീബ് പിണങ്ങോട് തുടങ്ങിയവര്‍ സംബന്ധിച്ചു. എത്രയും പെട്ടെന്ന് പണി പുനരാരംഭിക്കുമെന്ന് അസി. എക്സികൂട്ടീവ് എഞ്ചിനിയര്‍ എം പി ലക്ഷ്മണന്‍, അസി. എഞ്ചിനിയര്‍ എന്‍ ജിതിന്‍ എന്നിവര്‍ അറിയിച്ചു. 
നിരവധി കാലത്തെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ട 63 കോടി രൂപ ഉപയോഗിച്ച് തുടങ്ങിയ പ്രവൃത്തി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. കരാറുകാരന്‍ പണി നിര്‍ത്തിയതില്‍ ഇടപെടല്‍ നടത്താതെ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാട്ടുകയാണ്. നിര്‍മ്മാണ സാമഗ്രികള്‍ ജില്ലയിലെ ക്വാറി നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലച്ചതാണെന്ന് പറയുമ്പോഴും അവ പുറത്ത് നിന്ന് ലഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ടവര്‍ നടത്തുന്നില്ല. പണി നിര്‍ത്തിയതോടെ ഈ റൂട്ടില്‍ ഗതാഗതദുരിതം അതിരൂക്ഷമായിരിക്കുകയാണ്. തുടക്കമെന്ന നിലയില്‍ കല്‍വെര്‍ട്ടുകളുടെയും സംരക്ഷണ ഭിത്തിയുടെയും പ്രവൃത്തിയാണ് നടന്നു വന്നിരുന്നത്. സംരക്ഷണ ഭിത്തിയുടെയും കല്‍വെര്‍ട്ടിന്‍റെയും ബാക്കിയുള്ള പണി പൂര്‍ത്തിയാക്കി, റോഡില്‍ ജിഎസ്ബി, വെറ്റ് മിക്സ് എന്നിവ നിരത്തി ടാറിങ് പ്രവൃത്തിയിലേക്ക് നീങ്ങേണ്ടതുണ്ട്. പണികള്‍ പാതി വഴിയിലായതിനാല്‍ യാത്രാ ദുരിതം അനുഭവിക്കുകയാണ് ഈ റോഡിനെ ആശ്രയിക്കുന്നവര്‍. സംസ്ഥാന പാതയിലുള്‍പ്പെട്ട ഈ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനേനെ യാത്ര ചെയ്യുന്നത്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടതിനാല്‍ ചെറിയ വാഹനങ്ങളും ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും തകരാറിലാവുകയാണ്.  കാല്‍നട യാത്രക്ക് പോലും സാധ്യമല്ലാതായി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് ട്രിപ്പുകള്‍ മുടങ്ങുന്നതിനാല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലാവുന്നത്. പ്രവൃത്തി നിലച്ചിട്ട് മാസങ്ങളായിട്ടും ഈ പ്രദേശവാസികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്. പറഞ്ഞത് പ്രകാരം ഉടന്‍ പ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *