April 16, 2024

ഗ്ലൈഫോസേറ്റ് കളനാശിനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ, നിരോധനമാണ് വേണ്ടതെന്നു വിദഗ്ദ്ധർ

0
Img 20221101 155925.jpg
•പ്രത്യേക ലേഖകൻ 
കൽപ്പറ്റ : ഇന്ത്യയിൽ ഗ്ലൈഫോസേറ്റ് എന്ന മാരകമായ കീടനാശിനിയുടെ ഉപയോഗത്തിന് നിയന്ത്രണം  ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ  ജീവജാലങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നു എന്ന കണ്ടെത്തലിന്റെ  അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 1968 ലെ ഇൻസെക്ടിസൈഡ് ആക്ട് പ്രകാരം ഈ കളനാശിനി തേയില തോട്ടങ്ങളിലെ ഉപയോഗത്തിന് മാത്രമായാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്, എന്നാൽ അനധികൃതമായി ഈ രാസവസ്തു കളനശീകരണത്തിനായി ഭക്ഷ്യ- ഭക്ഷ്യേതര വിളകളിലും, വീട്ടുവളപ്പിലും പൊതു ഇടങ്ങളിലുമെല്ലാം വ്യാപകമായി ഉപയോഗിക്കപെടുന്നുണ്ട്. ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള  നിയന്ത്രണം അപര്യാപ്തമാണെന്നും നിരോധനമാണ്  വേണ്ടതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ക്യാൻസർ ഉൾപ്പെടെ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഗ്ലൈഫോസേറ്റ് കാരണമാകുന്നുണ്ട്. 
“ഗ്ലൈഫോസൈറ്റിന്റെ  ഉപയോഗം മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന ഇന്ത്യ ഗവൺമെന്റിന്റെ  പരിശ്രമങ്ങളെ പേസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക്  (PAN India) അഭിനന്ദിക്കുന്നു. ഇന്ത്യയിലെ മാരക കീടനാശിനികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇത് ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടാവുന്നതാണ്'' എന്ന് പാൻ ഇന്ത്യയുടെ ഡയറക്ടർ, സി. ജയകുമാർ  അഭിപ്രായപ്പെട്ടു. “ഗ്ലൈഫോസെറ്റ് ഉപയോഗം മനുഷ്യരിലും മൃഗങ്ങളിലും എത്രമാത്രം അപകട സാധ്യത ഉണ്ടാക്കുന്നു എന്ന വസ്തുത ബോധ്യപ്പെട്ടതിനാൽ ഇന്ത്യ ഗവൺമെന്റ്  അത് അടിയന്തിരമായി നിരോധിക്കേണ്ടതുണ്ട്. പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റേഴ്സ് മുഖേന ഉള്ള  നിയന്ത്രിത ഉപയോഗം  ഗ്ലൈഫോസൈറ്റ് കൊണ്ടുനടക്കാവുന്ന ആരോഗ്യപ്രത്യാഘാതങ്ങൾ തടയുന്നതിന്  അപര്യാപ്തമാണ്, കാരണം ഈ രാസവിഷത്തിൽ അന്തർലീനമായിരിക്കുന്ന വിഷാംശംവും, അതുകൊണ്ടുള്ള  അപകടസാധ്യതയും ഈ നിയന്ത്രണത്തിലൂടെ  കുറയ്ക്കാൻ സാധിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള ഉത്തരവ് 2022 ഒക്ടോബർ 21നാണു കേന്ദ്ര കൃഷിവകുപ്പ് ഇറക്കിയത്.    2019 ൽ  കേരള സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലും വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലുമാണ് ഇപ്പോൾ  ഗ്ലൈഫോസൈറ്റിന്റെ  ഉപയോഗത്തിനു  നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2020 ജൂലൈയിൽ കേന്ദ്ര കൃഷിവകുപ്പ്  ഇതിന്റെ കരട്  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  ഈ ഉത്തരവിൽ പറയുന്നത് പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റേഴ്സ് ഒഴികെ മറ്റാരും തന്നെ ഗ്ലൈഫോസെറ്റ് ഉപയോഗിക്കരുത് എന്നാണ്. ഈ ഉത്തരവ് നടപ്പാക്കുന്നതിന്റെ  ഭാഗമായി ഗ്ലൈഫോസേറ്റിന്റെ  ഉപയോഗത്തിനായി അനുവദിച്ചിരിക്കുന്ന രെജിസ്ട്രേഷൻ രേഖകൾ തിരികെ ഏൽപിക്കണമെന്നും മൂന്നു മാസ  സമയപരിധിക്കുള്ളിൽ തിരികെ ഏൽപ്പിക്കാത്ത പക്ഷം 1968 ലെ ഇൻസെക്ടിസൈഡ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ  ഇതിന്  ആവശ്യമായ ശ്രദ്ധ ചെലുത്തുകയും ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും ചട്ടങ്ങളും  നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
''ഗ്ലൈഫോസൈറ്റിന്റെ  ഉപയോഗം ഇന്ത്യയിൽ എല്ലായിടത്തും കാണാൻ സാധിക്കും, തേയില തോട്ടങ്ങളിലെ ഉപയോഗത്തിനു മാത്രമാണ് ഗ്ലൈഫോസൈറ്റിന് അനുമതി ഉള്ളത്, എന്നാൽ അനിയന്ത്രിതമായി എല്ലായിടത്തും  അത് ഉപയോഗിക്കുന്നു. ഗ്ലൈഫോസൈറ്റ് ഉപയോഗിച്ചു കൊണ്ട്  വിഷബാധയേറ്റ നിരവധി സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട് ” എന്ന് പാൻ ഇന്ത്യ (PAN India) യുടെ ഉപദേശകനും പബ്ലിക് പോളിസി വിദഗ്ദ്ധനുമായ ഡോ.നരസിംഹ റെഡ്ഢി പറഞ്ഞു. ''ഗ്ലൈഫോസൈറ്റ് ഉൾപ്പെടെയുള്ള കളനാശിനികൾ ഇലക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യമ്പത്തിനെ നശിപ്പിക്കുന്നു,  തനതായ പോഷകാഹാര ശീലങ്ങളെയും ഇല്ലാതാക്കുന്നു. ഇതു വഴി ഗ്രാമീണ ജനവിഭാഗങ്ങളും  കാർഷിക സമൂഹങ്ങളും   പോഷക കുറവ് അനുഭവിക്കുന്നു, കൂടാതെ അത് പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യുന്നു,  അതിനാൽ ഗ്ലൈഫോസൈറ്റ് നിരോധിക്കാനായി സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപകമായി കളനാശിനി എന്ന രീതിയിൽ ഉപയോഗിക്കുന്ന അപകടകാരിയായ കാർഷിക രാസവസ്തുവാണ് ഗ്ലൈഫോസൈറ്റ്. വളരെയധികം വിഷാംശം അടങ്ങിയിരിക്കുന്ന ഈ കളനാശിനി, മനുഷ്യരിലും പരിസ്ഥിതിയ്ക്കും ഒരുപോലെ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. ഗ്ലൈഫോസൈറ്റ് അടിസ്ഥാനമാക്കിയുള്ള കളനാശിനിളുമായുള്ള സമ്പർക്കം,  പല അസുഖങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.  ഗ്ലൈഫോസൈറ്റ്  അടങ്ങിയ കളനാശിനികളിൽ  ഉള്ള മറ്റു  ചേരുവകൾ ഗ്ലൈഫോസൈറ്റിൻ്റെ വിഷാംശത്തെ വർധിപ്പിക്കുകയും  അത് മനുഷ്യർ ഉൾപ്പെടെ ജീവജാലങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യുന്നു. ഗ്ലൈഫോസൈറ്റ് അടങ്ങിയിരിക്കുന്ന കളനാശിനികൾ  വിവിധ പേരുകളിലാണ് വില്പന നടത്തുന്നത്, റൗണ്ട് അപ് , ഗ്ലൈസെൽ, ഗ്ലൈഫോസ്, സഫൽ , വീട് ഓഫ് എന്നിവയാണ് ചിലത്.
ആഗോളതലത്തിൽ ഗ്ലൈഫോസൈറ്റ് നിർമ്മിക്കുന്നത് മോൺസാന്റോയാണ് (ഇപ്പോൾ ബേയർ).  മറ്റു പല കമ്പനികളും ഗ്ലൈഫോസൈറ്റ് അടങ്ങിയ കളനാശിനികൾ വിൽക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഗ്ലൈഫോസെറ്റ്  മനുഷ്യരിൽ കാൻസറിന് കാരണമാകാൻ സാധ്യതയുള്ളയി ഇൻറർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ കണ്ടെത്തിയിട്ടുണ്ട്.  ഗ്ലൈഫോസൈറ്റ് ഉയോഗിച്ച് കാൻസർ പിടിപെട്ട രോഗികൾക്ക് ദശലക്ഷക്കണക്കിനു ഡോളർ നഷ്ടപരിഹാരം മോൺസാന്റോ നൽകണമെന്ന് കാലിഫോർണിയൻ കോടതികൾ ഉത്തരവിട്ടിട്ടുണ്ട്.   ഗ്ലൈഫോസൈറ്റ് അടങ്ങിയിരിക്കുന്ന റൗണ്ട് അപ് എന്ന കളനാശിനി ഉപയോഗിച്ചത്  ഒരു കർഷകന് കാൻസറിന് കാരണമായി എന്ന് 2018 ഓഗസ്റ്റിൽ സാൻഫ്രാൻസിസ്കോ  കോടതി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഗ്ലൈഫോസൈറ്റ് ഉപയോഗത്തെ പറ്റി വിപുലമായ പഠനം പാൻ ഇന്ത്യ നടത്തുകയും  2020 ൽ “ഗ്ലൈഫോസൈറ്റിന്റെ ഉപയോഗം ഇന്ത്യയിൽ (സ്റ്റേറ്റ് ഓഫ് ഗ്ലൈഫോസേറ്റ് യൂസ് ഇൻ ഇന്ത്യ)' എന്ന പഠന റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ത്യയിലെ ഏഴ്  സംസ്ഥാനങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഇ റിപ്പോർട്ട്  ഗ്ലൈഫോസൈറ്റ് ഉപയോഗത്തിന്റെ  വസ്തുതകൾ തുറന്നു കാട്ടുന്നു. ദേശീയ തലത്തിൽ തുടർന്നു പോരുന്ന നിയന്ത്രണങ്ങളും അന്താരാഷ്ട്ര പെരുമാറ്റച്ചട്ടവും ലംഘിച്ചാണ് രാജ്യത്ത് ഗ്ലൈഫോസൈറ്റ് ഉപയോഗം നടക്കുന്നത്” എന്നു  പാൻ ഇന്ത്യയുടെ പ്രവർത്തകനും ഗവേഷകനുമായ എ ഡി ദിലീപ് കുമാർ പറഞ്ഞു. “തെയില തോട്ടങ്ങളിലെ ഉപയോഗത്തിനു മാത്രമാണ്  ഗ്ലൈഫോസൈറ്റ് ഇന്ത്യയിൽ റെജിസ്റ്റർ ചെയ്തിരിക്കുന്നത്, ഇതല്ലാതെയുള്ള എല്ലാ ഉപയോഗവും നിയമവിരുദ്ധവും 1968 ലെ ഇൻസെക്ടിസൈഡ് ആക്ടിന്റെയും 1971 ലെ ഇൻസെക്ടിസൈഡ് റൂളിന്റെയും ലംഘനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പഠനത്തിലൂടെ ഗ്ലൈഫോസൈറ്റിന്റെ  ഇരുപതോളം അനുവദനീയമല്ലാത്ത  ഉപയോഗം കണ്ടെത്തി, അതിൽ 16 എണ്ണം ഭക്ഷ്യ വിളകളിലാണ് കണ്ടെത്തിയിരിക്കുന്നത്. 77% കർഷകരും 41% തൊഴിലാളികളും ഗ്ലൈഫോസൈറ്റ് ഉപയോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എല്ലാം തന്നെ   അനുവദനീയമല്ലാത്ത വിളകളിൽ ആണ്.  ഒട്ടനവധി വിളകളിൽ ഗ്ലൈഫോസൈറ്റ് ആധാരമാക്കിയുള്ള കളനാശിനികളുടെ ഉപയോഗം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ  പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. 
പാൻ ഇൻറർനാഷനൽ  നേരത്തെ പുറത്തിറക്കിയ  'മോണോഗ്രാഫ് ഓൺ ഗ്ലൈഫോസൈറ്റ്' എന്ന റിപ്പോർട്ട്  ഗ്ലൈഫോസൈറ്റിന്റെ അപകടകരമായ ദോഷഫലങ്ങളെ ചൂണ്ടി കാണിക്കുന്ന നിരവധി പഠനങ്ങൾ പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരിലും ജീവജാലങ്ങളിലും കാൻസറിനെ കൂടാതെ പ്രത്യുൽപാദനപരമായ ആരോഗ്യപ്രശ്നങ്ങൾ, നാഡീ സംബന്ധമായ രോഗങ്ങൾ, പ്രതിരോധശേഷിക്കുണ്ടാവുന്ന പ്രശ്നങ്ങൾ, ഗുരുതരമായ വൃക്കരോഗം  എന്നിവയെല്ലാം ഗ്ലൈഫോസൈറ്റിന്റെ  ഉപയോഗത്തിന്റെ  ഫലമായി ഉണ്ടാവുന്നു. ചർമ്മത്തിൽ ഉണ്ടാവുന്ന രോഗങ്ങൾ, കണ്ണുകൾക്കും ശ്വസനത്തിനും ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഗ്ലൈഫോസൈറ്റുമൂലം ഉണ്ടാകുന്നത് . ഗ്ലൈഫോസൈറ്റ് ഉപയോഗിച്ചുള്ള ആത്മഹത്യകളും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
ആരോഗ്യപ്രത്യാഘാതങ്ങൾ കാരണം ശ്രീലങ്ക, നെതർലാന്റ്, ഫ്രാൻസ്, കൊളമ്പിയ, കാനഡ, ഇസ്രയേൽ, അർജന്റീന തുടങ്ങി 35 രാജ്യങ്ങളിൽ ഗ്ലൈഫോസൈറ്റ് നിരോധിക്കുകയോ  കർശനമായി നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.  ഗ്ലൈഫോസൈറ്റിന്റെ  തുടർച്ചയായ ഉപയോഗം കാർഷിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കും, അത് മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ  അപകടത്തിലാക്കുകായും ചെയ്യും. തേയിലതോട്ടങ്ങളിൽ അല്ലാതെ  മറ്റൊരിടത്തും ഗ്ലൈഫോസൈറ്റ് ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാലും പൊതുജന ആരോഗ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുത്തു മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ്, ആന്ധ്ര പ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ  ഗ്ലൈഫോസൈറ്റിന്റെ  ഉപയോഗം മുൻവർഷങ്ങളിൽ നിയന്ത്രിച്ചിട്ടുള്ളതാണ്. 2019 ൽ കേരള സർക്കാർ ഗ്ലൈഫോസൈറ്റ് അധിഷ്ഠിത കളനാശിനികളുടെ ലൈസൽസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. 
ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള  ഉത്തരവ് പ്രകാരം പെസ്റ്റ് കൺട്രോൾ ഓപറേറ്റേഴ്സ് മുഖേന അനുവദിച്ചിട്ടുള്ള ഗ്ലൈഫോസൈറ്റിന്റെ  ഉപയോഗം മറ്റ് പല ദുരവസ്ഥകൾക്കും  കാരണമാകും. ഇന്ത്യൻ കാർഷിക മേഖലയിൽ പെസ്റ്റ് കൺട്രോൾ ഓപറേറ്റേഴ്സ് ഇപ്പോൾ നിലവിലില്ല എന്നതിനാൽ, ഗ്ലൈഫോസൈറ്റിന്റെ  അനധികൃതമായ വില്പനയ്ക്കും വിതരണത്തിനും ഉപയോഗത്തിനും  സാധ്യത തുറക്കുന്നു, ക്രമേണ അത് മനുഷ്യരുടെ ആരോഗ്യത്തിനും പാരിസ്ഥിതിക ക്ഷേമത്തിനും വെല്ലുവിളി ഉയർത്തും. കൂടാതെ ജൈവവൈവിധ്യത്തിനും ഭീഷണി ഉയർത്തും. 
പൊതുജനാരോഗ്യ,  പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മുന്നിൽകണ്ട്കൊണ്ട്,  അനധികൃതമായ ഉപയോഗവും കണക്കിലെടുത്തു,  ഇന്ത്യയിൽ  ഗ്ലൈഫോസൈറ്റിന്റെ ഉപയോഗം, ഇറക്കുമതി, ഉൽപാദനം, വിപണനം  എന്നിവ പൂർണമായും നിരോധിക്കണമെന്ന് പാൻ ഇന്ത്യ ശുപാർശ ചെയ്യുന്നു.   അനുവദനീയമായ ഉപയോഗം ലംഘിച്ച് ഗ്ലൈഫോസൈറ്റ് ഉപയോഗിക്കാനായി പ്രേരിപ്പിച്ച സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും കമ്പനികൾക്കും  എതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിക്കണെമെന്നും നിർദ്ദേശിക്കുന്നു.  ഗ്ലൈഫോസൈറ്റ് ഉപയോഗം മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുകയും, ഗ്ലൈഫോസൈറ്റ് ഉപയോഗം നാശംവിതച്ച പ്രദേശങ്ങളിൽ ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം  സാധ്യമാക്കുകയും വേണം. കൂടാതെ വിഷ രഹിതമായ കളപരിപാലനത്തിനും കൃഷി രീതികൾക്കും വേണ്ടിയുള്ള ശ്രമങ്ങൾ നടത്താൻ കാർഷിക മന്ത്രാലയം തയാറാകണമെന്നു പാൻ ഇന്ത്യ നിർദ്ദേശിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *