March 29, 2024

മാധ്യമപ്രവര്‍ത്തകനെതിരായ കള്ളക്കേസ് പിന്‍വലിക്കണം: കെ.യു.ഡബ്ല്യു.ജെ

0
Img 20221105 185224.jpg
കല്‍പ്പറ്റ : ജനങ്ങളെ സേവിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്നവര്‍ അത് ചെയ്യാതെ തന്‍പോരിമ കാണിച്ചത് തുറന്നുകാട്ടിയതിന് മാധ്യമ പ്രവര്‍ത്തകനെതിരെ കള്ളക്കേസ് എടുത്ത നടപടി പ്രതിഷേധാര്‍ഹവും യാഥാര്‍ത്യത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമവുമാണെന്ന് കെ.യു.ഡബ്ല്യു.ജെ വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വയനാട് വിഷന്‍ ചാനലിന്റെ മേപ്പാടി ലേഖകന്‍ കോട്ടപ്പടി വില്ലേജില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ചിത്രം പകര്‍ത്തി നല്‍കിയ വാര്‍ത്തയുടെ പേരിലാണ് പ്രതിഷേധിച്ചവര്‍ക്കൊപ്പം അദ്ദേഹത്തെ കൂടി പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തിയത്. സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ അടക്കം ഉള്‍പ്പെട്ടിരിക്കുന്ന സാധാരണക്കാര്‍ക്ക് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കാതെ അവരെ നട്ടംകറക്കിയ വില്ലേജ് ഓഫിസറുടെ നടപടി നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വില്ലേജ് ഓഫിസില്‍ അപേക്ഷകരായ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധമുയര്‍ത്തിയത്. ഈ പ്രതിഷേധം വില്ലേജ് ഓഫിസിന് പുറത്ത് നിന്ന് പകര്‍ത്തിയതിന്റെ പേരിലാണ് നിലവില്‍ സി.കെ ചന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചേര്‍ത്തിയിരിക്കുന്നത്. ഒരാള്‍ പരാതി നല്‍കുമ്പോള്‍ വസ്തുതകള്‍ മാനിക്കാതെ പൊലിസ് കേസില്‍ പ്രതിയാക്കിയതും പ്രതിഷേധാര്‍ഹമാണ്. ഇക്കാരണത്താല്‍ തന്നെ സി.കെ ചന്ദ്രനെതിരെ പൊലിസ് ചാര്‍ത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും കെ.യു.ഡബ്ല്യു.ജെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കാത്തവര്‍ അത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുമ്പോള്‍ അതിന് കുടപിടിക്കുകയല്ല ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. വസ്തുതാപരമായ അന്വേഷണം നടത്തി യഥാര്‍ത സംഭവം പുറത്തെത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ പുറംലോകത്തെ അറിയിക്കുക എന്നത് മാധ്യമപ്രവര്‍ത്തകന്റെ കടമയാണ്. അതിനിയും തുടരുമെന്നും കെ.യു.ഡബ്ല്യു.ജെ വയനാട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *