March 29, 2024

അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചിയിൽ ഉജ്ജ്വല തുടക്കം

0
Img 20221111 085142.jpg
 • പ്രത്യേക ലേഖകൻ.
 കൊച്ചി; ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 18-ാമത് അന്താരാഷ്ട്ര സമ്മേളനമായ ടെലിമെഡിക്കോൺ 2022 '  നാണ്  കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രകാശവേഗവുമായി ഫൈവ് ജി .കൂടി വരുന്നതോടെ എല്ലാ രംഗത്തേയും പോലെ ടെലി മെഡിസിൻ കൂടുതൽ ഉണർവോടെയും വേഗതയോടെയും പ്രവർത്തിക്കാൻ സന്നദ്ധമാകുമെന്ന് ആരോഗ്യ മേഖലയിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു. ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 18-ാമത് അന്താരാഷ്ട്ര സമ്മേളനം ' ടെലിമെഡിക്കോൺ 2022 '  ന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കം കുറിച്ചത്.
 കേരള ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.  സംസ്ഥാന ഐ.ടി സെക്രട്ടറി ഡോ.രത്തൻ ഖേൽക്കർ, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.  പ്രേം നായർ, ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.  പ്രഥാൻ, ടെലിമെഡിക്കോൺ ഓർഗനൈസിംഗ് സെക്രട്ടറി എം.ജി ബിജോയ്, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ആർ.  കിം, ഡോ.മൂർത്തി റമീല തുടങ്ങിയവർ  ചടങ്ങിൽ സംസാരിച്ചു.  
  
 ടെലിമെഡിസിന് രാജ്യത്താകമാനം നിയമ പരിരക്ഷയുണ്ടെന്നും  5 ജിയിലേക്ക് മാറുന്നതോടെ ടെലിമെഡിസിൻ ജനകീയമാകുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെയും നെറ്റ് വർക്ക് കണക്ടിവിറ്റിയുടെയും മുന്നേറ്റം ടെലിമെഡിസിൻ രംഗത്ത് കൂടുതൽ മികച്ച സാദ്ധ്യതകൾ തുറക്കും. ആധുനിക സാങ്കേതിക വിദ്യകൾ പലതും ടെലി മെഡിസിനിൽ നിർണായക സ്വാധീനം ചെലുത്തുന്ന നാളുകളാണ് വരാൻ പോകുന്നതെന്നും  ഡോ.മോഹനൻ കുന്നുമ്മൽ ചൂണ്ടിക്കാട്ടി.വെർച്വൽ റിയാലിറ്റി, ഓഗ്മെൻ്റഡ് റിയാലിറ്റി തുടങ്ങിയവ ടെലി മെഡിസിന് കൂടുതൽ  സാദ്ധ്യതകൾ തുറക്കും.  രോഗിയുടെ തൊട്ടടുത്തിരുന്ന് പരിശോധന നടത്തുന്ന പ്രതീതി സൃഷ്ടിക്കാൻ പുത്തൻ സാങ്കേതികവിദ്യകൾ സഹായിക്കും, അദ്ദേഹം പറഞ്ഞു. 
അമൃത ഹോസ്പിറ്റൻസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ പരിരക്ഷക്കായുള്ള ചെലവ് കുറയ്ക്കാൻ ടെലിമെഡിസിൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  
5 ജി കണക്ടിവിറ്റി രാജ്യമാകെ ടെലിമെഡിസിൻ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അത്യാസന്ന നിലയിലായ രോഗികളുടെ ജീവൻ രക്ഷിക്കാനെടുക്കുന്ന സമയം ലാഭിക്കാമെന്നതും വെയ്റബിൾ ഡിവൈസ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ടെലി മെഡിസിൻ ഫലപ്രദമായി വിനിയോഗിക്കാമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വെർച്വലായി സമ്മേളനത്തിൽ പങ്കെടുത്തു.  ടെലി മെഡിസിൻ്റെ പ്രാഥമിക ഘട്ടത്തിൽ ഐ എസ് ആർ ഒ സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു.  സാങ്കേതിക വിദ്യകളുടെ വളർച്ചയും, സമന്വയവും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന്  അദ്ദേഹം പറഞ്ഞു.കോവിഡ് സമയത്ത് ടെലിമെഡിസിന്റെ പ്രാധാന്യവും നേട്ടവും ഏറെ ചർച്ചചെയ്യപ്പെട്ടു. കണക്ടിവിറ്റി സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതോടെ ടെലി മെഡിസിൻ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷിയാകും. ഉപഗ്രഹങ്ങൾ വഴി കണക്ടിവിറ്റി വ്യാപകമാകുന്നതോടെ ടെലിമെഡിസിൻ കണക്ടിവിറ്റി കൂടുതൽ ശക്തമാക്കാനും ഗ്രാമീണ മേഖലകളിൾ  ടെലിമെഡിസിൻ സേവനങ്ങൾ വ്യാപകമാക്കാനും കഴിയും. ആപ്പ്ളിക്കേഷനുകളിലൂടെ രോഗികളും ഡോക്ടർമാരുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുന്നതോടെ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
  
ടെലിമെഡിസിൻ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾ, സ്വകാര്യ സംരംഭകർ, ടെക്നോളജി പങ്കാളികൾ എന്നിവർ  രംഗത്ത് വരണമെന്ന് കേരള ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ  പറഞ്ഞു. വലിയ പങ്കാളിത്തമാണ് ഈ മേഖലയുടെ വളർച്ചക്ക് ഏറ്റവും അനിവാര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. 5ജി ഏറ്റവും മികച്ച പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു 
  
തുടർന്ന് വിവിധ സെഷനുകളിലായി  ചർച്ചകൾ നടന്നു.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പകർച്ചവ്യാധിയാണ് ഡയബറ്റിക് റെറ്റിനോപ്പതിയെന്ന് ടെലിഒഫ്താൽമോളജിയെപ്പറ്റിയുള്ള ആദ്യ സെഷനിൽ സംസാരിച്ച മുംബൈ ആദിത്യ ജ്യോത് ഐ ഹോസ്പിറ്റലിലെ നേത്ര ശസ്ത്രക്രിയാ വിദഗ്ധൻ  ഡോ.എസ് നടരാജൻ പറഞ്ഞു.  ഗ്രാമപ്രദേശങ്ങളിൽ കൂടുതലായി ഡയബറ്റിക് റെറ്റിനോപ്പതി നിർണയത്തിനും ചികിത്സയ്ക്കും ഏറെ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  നേത്രസംരക്ഷണത്തെപ്പറ്റിയും നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മധുരയിലെ അരവിന്ദ് ഐ കെയർ ആശുപത്രിയിലെ ടെലിമെഡിസിൻ നെറ്റ്‌വർക് ആൻഡ് ഐടി സർവീസസ് ഡയറക്ടർ  ഡോ.ആർ കിം സംസാരിച്ചു.  
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ   ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. ടെലിമെഡിസിനിലൂടെയും ഡിജിറ്റൽ ഹെൽത്തിലൂടെയും  ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ടെലിമെഡിസിൻ ആൻഡ് ഡിജിറ്റൽ ഹെൽത്ത്, ഐഒഎംടി, ടെലി-ഐസിയു മോണിറ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊപ്പം ടെലിമെഡിസിന്റെ ഇന്നത്തെയും നാളത്തെയും സാധ്യതകൾ, ചികിത്സയുടെ രഹസ്യാത്മകതയുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ  തുടങ്ങിയവയെപ്പറ്റി സമ്മേളനം വിശദമായി ചർച്ച ചെയ്യും.   
  
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 9 ന് നടക്കുന്ന സെഷനിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ടെലിമെഡിസിന്റെ ഉപയോഗം എന്ന വിഷയത്തിൽ ലഫ്.ജനറൽ ആർ.എം ഗുപ്തയും കമഡോർ അജിത് ഗോപിനാഥും സംസാരിക്കും. തുടർന്ന് സ്‌പേസ് ടെലിമെഡിസിൻ പ്രോഗ്രാമുകളെക്കുറിച്ചുള്ള പാനൽ ചർച്ചയുമുണ്ടായിരിക്കും. ഉച്ചയ്ക്ക് 2 ന് ആരോഗ്യരംഗത്ത് നിർമിത ബുദ്ധിയുടെ സാധ്യതകൾ എന്ന വിഷയത്തിൽ വിദഗ്ധർ സംസാരിക്കും. കോവിഡ് കാലത്ത് ഏറെ ഉപയോഗപ്രദമായിരുന്ന റിമോട്ട് മോണിട്ടറിങ്് സംവിധാനങ്ങളെപ്പറ്റിയുള്ള ചർച്ചയും തുടർന്ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *