March 28, 2024

സുവർണ്ണജൂബിലി തിരുസ്വരൂപ പ്രയാണം സമാപിച്ചു

0
20230326 203150.jpg
മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷാഘോഷത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപ പ്രയാണം ആഘോഷമായി സമാപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 1-ന് ആരംഭിച്ച തിരുസ്വരൂപപ്രയാണം മാനന്തവാടി രൂപതയുടെ 160 ഇടവകകളിലൂടെയും കടന്നുപോയി. രൂപതയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രസ്തുത രൂപം എല്ലാ ഇടവകകളും സാഘോഷം സ്വീകരിക്കുകയും ദൈവജനത്തിന്റെ വണക്കത്തിനായി ഇടവകദേവാലയങ്ങളിൽ ഏതാനും ദിവസങ്ങൾ വീതം പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം രൂപതയിലുടനീളം പ്രയാണം പൂർത്തിയാക്കിയ തിരുസ്വരൂപം മാർച്ച്‌ 25, ശനിയാഴ്ച മംഗല വാർത്താ തിരുനാൾ ദിവസം ദ്വാരക സെന്റ് അൽഫോൻസാ ഫൊറോനാപ്പള്ളിയിൽ സമാപിച്ചു.  

മൊതക്കര ഇടവകയിൽനിന്നും വാഹന അകമ്പടികളോടെ കൊണ്ടുവന്ന തിരുസ്വരൂപത്തിന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നാലാംമൈൽ ടൗണിൽ ആഘോഷമായ സ്വീകരണം നൽകി ഇടവകാംഗങ്ങളും മറ്റു വിശ്വാസികളും ചേർന്ന് വാദ്യമേളത്തോടെ ദ്വാരക ഇടവകദേവാലയത്തിലേക്ക് എഴുന്നള്ളിക്കുകയും തുടർന്ന് 6 മണിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. കുർബാനയ്ക്കു ശേഷം തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റിയുള്ള ജപമാല പ്രദക്ഷിണവും ഉണ്ടായിരുന്നു. പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗീയമാദ്ധ്യസ്ഥത്തിന് സമർപ്പിതമായ രൂപതയുടെ ആത്മീയ വളർച്ചക്ക് ഉപകാരപ്രദമാകും വിധമാണ് തിരുസ്വരൂപപ്രയാണം ക്രമീകരിച്ചതെന്ന് ബിഷപ് ജോസ് പൊരുന്നേടം വചനസന്ദേശത്തിൽ പറഞ്ഞു. വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിക്കൽ, ജൂബിലി കൺവീനർ ഫാ. ബിജു മാവറ, ഫൊറോനാ പള്ളി വികാരി ഫാ. ഷാജി മുളകുടിയാങ്കൽ ചടങ്ങുകൾക്ക് സഹകാർമ്മികരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *