അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പിന്റെ ‘കെമു’
മാനന്തവാടി : മാനന്തവാടി
അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പിന്റെ ‘കെമു’ (കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്)ജില്ലയിലും. പ്രത്യേക വാഹനത്തിൽ എക്സൈസ് ഓഫീസർമാരടങ്ങിയ മൊബൈൽ സംഘം പരിശോധന നടത്തും. 36 ലക്ഷം രൂപ വിനിയോഗിച്ചാണ് ലഹരി പരിശോധനയ്ക്കായി വാഹനം വാങ്ങിയത്. ഏത് വാഹനവും എവിടെവെച്ചും പരിശോധിക്കാൻ ഇവർക്ക് അധികാരമുണ്ട്. ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത റോഡുകൾ വഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയലാണ് കെമുവിന്റെ പ്രധാന ലക്ഷ്യം. വയനാട് ഉൾപ്പെടെയുള്ള നാല് ജില്ലകളിലാണ് സംസ്ഥാനത്ത് കെമുവിന്റെ പ്രവർത്തനം. തമിഴ്നാട്, കർണാടക അതിർത്തി പങ്കിടുന്ന വയനാട്ടിലെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തും. സംഘത്തിൽ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചു. കെമുവിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു.
ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ എസ് ഷാജി പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭിച്ചാൽ എക്സൈസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.






Leave a Reply