May 3, 2026

പതിനാറാം മൈലിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: ആയിരത്തോളം വാഴ വെട്ടി നശിപ്പിച്ചതായി പരാതി

0
Img 20240514 174240
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പതിനാറാം മൈലിൽ സാമൂഹ്യ വിരുദ്ധർ വിളവെടുപ്പിന് പാകമായ ആയിരത്തോളം വാഴ വെട്ടി നശിപ്പിച്ചതായി പരാതി. പ്രദേശവാസികളായ ചക്കാലയ്ക്കല്‍ ജോര്‍ജും ബഷീര്‍ തോട്ടോളിയും പാട്ടത്തിനെടുത്ത ഭൂമിയില്‍ നട്ടുപരിപാലിച്ച വാഴകളാണ് നശിപ്പിച്ചത്. പുഴയ്ക്കടുത്തുള്ള രണ്ട് ഏക്കറില്‍ രണ്ടായിരത്തോളം വാഴയാണ് നട്ടത്. വാള് കൊണ്ടും, കത്തി കൊണ്ടും വാഴ വെട്ടി മുറിച്ചതായിട്ടാണ് കാണാൻ കഴിഞ്ഞതെന്ന് ദൃസാക്ഷികൾ പറഞ്ഞു. വാഴക്ക് പുറമെ വാഴ വലിച്ചു കെട്ടിയിരുന്ന കേരവള്ളിയും സാമൂഹ്യ വിരുദ്ധർ മുറിച്ച് കളഞ്ഞിട്ടുണ്ട്. ഇതില്‍ പകുതിയോളം വെട്ടിനശിപ്പിച്ചത് ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തോട്ടത്തിന്റെ ചില ഭാഗങ്ങളിൽ വെട്ടിയ വാഴ നിലംപതിച്ചു, എന്നാൽ ചിലയിടത്ത് വാഴ വള്ളിയിൽ തൂങ്ങി കിടക്കുന്നതിനാൽ അവ നിലംപതിച്ചില്ല. വാഴ വള്ളിയിൽ തൂങ്ങി കിടന്ന് പഴുത്ത് നശിക്കുകയാണ്. ഒരു ആയുസിന്റെ മുഴുവൻ അധ്വാന ഫലമാണ് ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു കളഞ്ഞത്. സംഭവത്തിൽ പടിഞ്ഞാറത്തറ പോലീസിലും, കൃഷിഭവനിലും പരാതി നൽകിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് പുന്നയ്ക്കാക്കുഴിയില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *