April 30, 2026

ഡെങ്കിപ്പനി വ്യാപകമാകുന്നു: പുൽപ്പള്ളിയിൽ ജാഗ്രത പാലിക്കണം: ഭൂദാനത്ത് 20ലധികം ഡെങ്കിപ്പനി സ്ഥിരീകരണം

0
Img 20240515 085239
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ ഭൂദാനത്തും പരിസരങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്നു. ഫെബ്രുവരിയിലാരംഭിച്ച ഡെങ്കിപ്പനി ദിവസേന പടരുന്നുമുണ്ട്. ശക്തമായ ശരീരവേദനയും പനിയുമാണു പ്രധാന ലക്ഷണം. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു രോഗം പടർത്തുന്നത്. ഭൂദാനത്ത് 20ലധികം പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് പനി ബാധിച്ച വീടുകളുമുണ്ട്. അയൽ വീടുകളിലേക്കും ഇതു പടരുമെന്ന ആശങ്കയുമുണ്ട്.

ആരോഗ്യപ്രവർത്തകർ ബോധവൽക്കരണവും മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊതുക് വ്യാപനം തടയുന്നതാണ് ഏറ്റവും വലിയ മുൻകരുതലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. മഴ പെയ്തതോടെ വീടുകളുടെ സമീപത്തും തോട്ടങ്ങളിലും കൊതുക് വ്യാപനം വർധിക്കുന്നു. കൃഷിപ്പണിക്കും പശുക്കൾക്ക് പുല്ലരിയാനും മറ്റും പുറത്തിറങ്ങുന്നവർ കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കണം.

വീട്ടുപരിസരത്ത് വെള്ളം കെട്ടിനിൽക്കുന്ന പാളകൾ, ചിരട്ടകൾ, പ്ലാസ്‌റ്റിക് കൂടുകൾ, തുടങ്ങിയവയെല്ലാം നീക്കം ചെയ്ത‌്‌ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതും കൊതുകു വ്യാപനത്തിന് കാരണമാണ്.

രോഗം പിടിപെട്ടാൽ ശക്തമായ പനിയും ശരീരവേദനയും അസ്വസ്‌ഥതകളുമുണ്ടാകും. രോഗം നേരത്തെ കണ്ടറിഞ്ഞു വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഇക്കൊല്ലം മഴക്കാലപൂർവ ശുചീകരണം നേരത്തെയാരംഭിക്കാനും എല്ലായിടത്തും ശുചീകരണമുണ്ടെന്ന് ഉറപ്പാക്കാനും പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം.

പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട കേസുകൾ വേറെയുമുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പനിയെ സംശയത്തോടെ കണ്ട് തുടക്കത്തിലെ ചികിത്സ ഉറപ്പാക്കണം.

രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കാര്യമായി താഴുന്നതാണു പ്രധാന പ്രശ്നം. ഇക്കാര്യത്തിൽ കാര്യമായ ബോധവൽക്കരണവും മാലിന്യ നിർമാർജനത്തിനുള്ള ശ്രമദാനവും നടത്താൻ പഞ്ചായത്ത്, ആരോഗ്യ വകുപ്പുകൾ തയാറാകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സ സൗകര്യം പുൽപള്ളി മേഖലയിൽ ഇല്ലാത്തതും മുഖ്യ പ്രശ്നമാണ്. പുൽപള്ളി, പാടിച്ചിറ, പാക്കം ആശുപത്രികളിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നില്ല. ഇവിടെയെത്തുന്ന രോഗികളെ ബത്തേരി, മാനന്തവാടി ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *