തട്ടിപ്പുകാർക്കെതിരെ കർശന നടപടി എടുക്കും; പിഎസ്സിയെ അപകീർത്തിപ്പെടുത്തരുത് – മുഖ്യമന്ത്രി
തിരുവനന്തപുരം: പി എസ് സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പല തരത്തിലും നടത്താറുണ്ട്. പലരും തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറാകാറുമുണ്ട്. ആ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ആ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. കടുത്ത നടപടിക്കു തന്നെ തയ്യാറാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ ഇതിന്റെ ഭാഗമായി കരി വാരി തേയ്ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
1956 നു ശേഷം പ്രവര്‍ത്തിക്കുന്ന പി എസ് സിയില്‍ 1982 ല്‍ 9 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് 1983 ല്‍ 13 ഉം 1984 ല്‍ 15 ഉം ആയി. പിന്നീട് മാറ്റം വരുന്നത് 2005 ലാണ്, അത് 18 ആയി. 2013 ആയപ്പോള്‍ വീണ്ടും മാറ്റംവന്ന് 21 ആയി. ഈ പറഞ്ഞ വര്‍ഷങ്ങങളെല്ലാം യു ഡി എഫ് ഭരണകാലത്താണ്. ഇതേവരെ എല്‍ ഡി എഫ് സര്‍ക്കാര്‍ അംഗത്വത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. 2016 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു. ധാരാളം റിക്രൂട്ട്മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്ന നിലയാണുണ്ടായത്. ഞങ്ങള്‍ ഒരു എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടില്ല – മുഖ്യമന്ത്രി പറഞ്ഞു.





Leave a Reply