പ്രവർത്തനം നിലച്ച ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മാംസ സംസ്ക്കരണശാല സ്വകാര്യ കമ്പനിക്ക്
കൽപറ്റ: 80 കോടി രൂപയോളം ബാധ്യതയുമായി രണ്ട് വർഷം മുൻപ് പ്രവർത്തനം നിലച്ച സിപിഎം നിയന്ത്രണത്തിലുള്ള ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മാംസ സംസ്ക്കരണശാല സ്വകാര്യ കമ്പനി ഏറ്റെടുത്തു. 50 ശതമാനം ലാഭ വിഹിതത്തിലാണ് സ്വകാര്യ കമ്പനി ഇത് ഏറ്റെടുത്തത്. സ്വകാര്യ കമ്പനിയുടെ നിക്ഷേപത്തിൽ മാംസ സംസ്ക്കാരണശാല വീണ്ടും പ്രവർത്തനം ആരംഭിക്കുകയാണ്.
ഇതിനായി ഒരു കോടി രൂപയോളം മുടക്കി ഫാക്ടറി ഉൾപ്പടെയുള്ളവയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘടത്തിലാണ്. കോട്ടയം കേന്ദ്രമായ ഭക്ഷ്യ സംസ്കരണ സ്ഥാപനമായ ബഫറ്റ് ബ്ലൂവേ ആണ് ഏഴു വർഷത്തേക്കുള്ള കരാർ വ്യവസ്ഥയിൽ സ്ഥാപനത്തിനൻറെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.
നിലവിൽ ഫാക്ടറിയുടെ വൈദ്യുതി ഉൾപ്പടെയുള്ളവ വിഛേദിച്ചിരിക്കുയാണ്. ബിൽ കുടിശ്ശിക അടച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് ഫാക്ടറി പ്രവർത്തനം തുടങ്ങാനുള്ള നടപടികളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. അതേസമയം, നിക്ഷേപകരുടെ പലിശ ഉൾപ്പടെ കോടികൾ തിരിച്ചു നൽകുന്നതിനെ കുറിച്ചോ ജീവനക്കാരുടെ മുടങ്ങിക്കിടന്ന ശമ്പളം നൽകുന്നതിനെ കുറച്ചോ വ്യക്തതയില്ല. കാസർഗോഡ് മുതൽ കോട്ടയം വരെ നിരവധി മംസ വിൽപന ശാലകൾ ബ്രഹ്മഗിരി സൊസൈറ്റിക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാഥമിക ഘട്ടത്തിൽ രണ്ടോ മൂന്നോ ജില്ലകൾ മാത്രം കേന്ദ്രീകരിച്ച് മലബാർ മീറ്റ് ഉൽപന്നങ്ങൾ വിറ്റഴിക്കാനാണ് തീരുമാനം. ക്രമേണെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
കോഴി ഇറച്ചി സംസ്കരണത്തിനും പുതിയ സ്വകാര്യ കമ്പനിയുമായി കാരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഫാക്ടറി തുറന്നാൽ വായ്പനൽകാൻ തയ്യാറാണെന്ന് ചില ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. ഫാക്ടറി തുറക്കുന്നതോടെ സർക്കാർ സഹായവും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
മുടങ്ങിക്കിടക്കുന്ന പലിശയടക്കം 68 കോടിയോളം രൂപയാണ് ഇപ്പോൾ നിക്ഷേപകർക്ക് നൽകാനുള്ളത്. നിലവിൽ സൊസൈറ്റിക്ക് വേണ്ടി വായ്പ എടുക്കാൻ ഈട് വെച്ച മുൻ എം.എൽ.എ യും സൊസൈറ്റിയുടെ പ്രഥമ ചെയർമാനുമായിരുന്ന പി. കൃഷ്ണ പ്രസാദിനൻറെ കുടുംബ വീട് ഉൾപ്പടെയുള്ള ഭൂമി ജപ്തി ഭീഷണിയിലാണ്. ഫാക്ടറി ഈ മാസം അവസാനത്തോടെ തന്നെ വീണ്ടും തുറക്കാനാകുമെന്നും, അടുത്ത ഘട്ടങ്ങളിലായി നിക്ഷേപകരുടേയും ജീവനക്കാരുടേയും കുടിശ്ശിക തീർക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സൊസൈറ്റി ചെയർമാർ പി.കെ. സുരേഷ് പറഞ്ഞു.





Leave a Reply