പുതിയ സർവീസ് പേര്യ വഴിയാക്കണം; എസ്ഡിപിഐ
പേര്യ: മാനന്തവാടിയിൽ നിന്നും വൈകുന്നേരം 7.45 ന് ഇരിട്ടി വഴി കാസറഗോഡിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി സർവീസ് യാത്രാ ദുരിതം രൂക്ഷമായ പേര്യ-കണ്ണൂർ റൂട്ട് വഴിയാക്കി പുനക്രമീകരിക്കണമെന്ന് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നതും ആയിരക്കണക്കിന് ജനങ്ങൾ താമസിക്കുന്നതുമായ പ്രദേശമാണ് പേര്യ.
വരയാൽ, പേര്യ 39,38,37,36,35, മുള്ളൽ എന്നിങ്ങനെ ഏഴോളം ചെറിയ ടൗണുകൾ ഈ റൂട്ടിലുണ്ട്.
വൈകുന്നേരം ആറ് മണിയോടെ ഇതുവഴി കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് കഴിഞ്ഞാൽ ആകെയുള്ളത് 6.40 ന് മാനന്തവാടിയിൽ നിന്നും ആലാറ്റിലേക്കുള്ള സ്വകാര്യ ബസ് മാത്രമാണ്. അത് കഴിഞ്ഞാൽ മാനന്തവാടി, തലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ഈ പ്രദേശത്തേക്ക് എത്തിപ്പെടാന് പ്രയാസമാണ്.
രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ തന്നെ നിരവധി യാത്രക്കാരാണ് രാത്രികാലങ്ങളിൽ പെരുവഴിയിലാകുന്നത്, മാത്രമല്ല പേര്യയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ജോലി ആവശ്യാർത്ഥം മാനന്തവാടിയിൽ ഉൾപ്പെടെ എത്തുന്നവർ അന്നേ ദിവസത്തെ കൂലിയിൽ നിന്നും 300 ഉം 400 ഉം രൂപ മുടക്കി ടാക്സികളെ ആശ്രയിക്കേണ്ടി വരികയാണ്. ഈ ഒരു പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിലും പരിഹാരം കാണാൻ വൈകുന്നേരം 7.45 ന് മാനന്തവാടിയിൽ നിന്നും ഇരിട്ടി വഴി ആരംഭിച്ച കാസർഗോഡ് സർവീസ് പേര്യ -നെടുംപൊയിൽ-കണ്ണൂർ വഴി തിരിച്ചു വിടലിലൂടെ സാധിക്കുംമെന്നും, അതിനു വേണ്ട നടപടികൾ കെഎസ്ആർടിസി അധികൃതർ കൈകൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈമാൻ, കമ്മിറ്റിയംഗങ്ങളായ മുനീഫ്, നൗഫൽ, പേര്യ ബ്രാഞ്ച് പ്രസിഡന്റ് യൂനുസ്, സെക്രട്ടറി നൗഫൽ, പഞ്ചായത്ത് സെക്രട്ടറി ജംഷീർ, ട്രഷറർ പി.കെ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply