മാനന്തവാടി- പാല്‍ചുരം റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
മാനന്തവാടി:നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വയനാട്ടുകാര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന മാനന്തവാടിയില്‍ നിന്നും പാല്‍ച്ചുരം വഴിയുള്ള റോഡ് നാല് വരി പാതയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഒ ആര്‍ കേളു എം എല്‍ എ പറഞ്ഞു. മാനന്തവാടി – ചെറുപുഴ റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തി ഉദ്ഘാടനം ചൂട്ടകടവില്‍ നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറു റോഡുകളാണ് നാലുവരി പാതകളായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടതാണ് മാനന്തവാടി- പാല്‍ച്ചുരം റോഡും. മാനന്തവാടി വഴി തലശ്ശേരി- മൈസൂര്‍ റെയില്‍വേക്കായി സംസ്ഥാന സര്‍ക്കാര്‍ വളരെ വേഗത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും എം എല്‍എ കൂട്ടിച്ചേര്‍ത്തു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ 8.60 കോടി രൂപയുടെ 8 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും ഏതാനും പ്രവര്‍ത്തികളുടെ നിര്‍മ്മാണ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും എം എല്‍ എ അറിയിച്ചു ചടങ്ങില്‍ മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനായി. ജനപ്രതിനിധികളായ പ്രദിപാ ശശി, പി ടി ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, കടവത്ത് മുഹമ്മദ്, പി വി ജോര്‍ജ്ജ്, ശോഭാ രാജന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം രജീഷ്, മാനുവല്‍ ചേനന്‍കുളം, കെ പി വിജയന്‍, എം ആര്‍ മനോജ്, എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ അബ്ദുള്‍ റഹിമാന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. സീനിയര്‍ ഓവര്‍സീയര്‍ പി സുധീന്ദ്രലാല്‍ സ്വാഗതവും, ഓവര്‍സീയര്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.






Leave a Reply