ചുരം റൂട്ട് മാറ്റം: യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി
മാനന്തവാടി:
താമരശേരി ചുരത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയതിന് ശേഷം കുറ്റ്യാടി ചുരം വഴി പോകുന്ന ബസുകൾ യാത്രക്കാരെ വലയ്ക്കുന്നു. റൂട്ട് മാറ്റം കാരണം എല്ലാ ബസുകളും ഇപ്പോൾ വെള്ളമുണ്ട ,നിരവിൽപുഴ വഴിയാണ് യാത്ര . ഇതിനാൽ വയനാടിന്റെ പല ഭാഗത്തു നിന്നുമുള്ള യാത്രക്കാർ മാനന്തവാടി കുറ്റ്യാടി റൂട്ടിലെ ബസുകൾ പ്രതീക്ഷിച്ച് മാനന്തവാടി, നാലാംമൈൽ, തരുവണ ,വെള്ളമുണ്ട എട്ടേനാൽ എന്നീ ജംഗ്ഷൻ സ്റ്റോപ്പുകളിലാണ് ബസ് കാത്ത് നിൽക്കുന്നത്. എന്നാൽ ഇതു വഴി കടന്നു പോകുന്ന കെ.എസ്. ആർ.ടി.സി. ബസുകൾ സ്റ്റോപ്പില്ല ,സ്റ്റേജില്ല എന്നീ കാരണങ്ങൾ പറഞ്ഞ് ഇവിടങ്ങളിൽ നിന്ന് യാത്രാ ക്കാരെ കയറ്റുന്നില്ല.
ബത്തേരി , കൽപ്പറ്റ ഡിപ്പോകളിൽ നിന്നും കോഴിക്കോട്ടേക്കും കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബത്തേരി ,കൽപ്പറ്റ എന്നിവിടങ്ങളിലേക്കും താമരശ്ശേരി വഴി ഓടി കൊണ്ടിരുന്ന ബസുകൾ കൽപ്പറ്റ കഴിഞ്ഞാൽ വേറെ ഒരു സ്റ്റോപ്പിലും നിർത്തി ആളെ കയറ്റുന്നില്ല. പകരം സർവ്വീസ് മാനന്തവാടി ഡിപ്പോയിൽ നിന്ന് ആരംഭിച്ചിട്ടുമില്ല. വൈകുന്നേരം ആറ് മണികഴിഞ്ഞാൽ സർവീസ് നടത്തിയിരുന്ന പഴയ ട്രിപ്പുകൾ പോലും ഇപ്പോഴില്ല. ഫലത്തിൽ നൂറ് കണക്കിന് ബസുകൾക്ക് കൈ കാണിച്ച് യാത്രക്കാർ ഒടുവിൽ സ്വകാര്യ വാഹനത്തെയോ ടാക്സി വാഹനത്തെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് .നാലാംമൈൽ, തരുവണ, വെള്ളമുണ്ട സ്റ്റോപ്പുകളിൽ ഈ ബസുകൾ നിർത്തിയാൽ ബത്തേരിയിൽ നിന്നുള്ള ടിക്കറ്റ് ചാർജ് നൽകണമെന്ന് കണ്ടക്ടർ പറയുന്നു.. നിലവിൽ ഈ സ്ഥലങ്ങളിൽ നിന്നുള്ള യാത്രകാർക്ക് രണ്ട് വഴിയും ആശ്രയമില്ലാതെ വന്നിരിക്കയാണ്..
കഴിഞ്ഞ ദിവസം രാത്രി വെള്ളമുണ്ട എട്ടേ നാലിൽ നിർത്താതെ പോയ കെ.എസ്.ആർ.ടി.സി. ബസ് നാട്ടുകാർ തടഞ്ഞു. ബത്തേരിയിൽ നിന്നുള്ള ടിക്കറ്റ് ചാർജ് കൊടുക്കാമെന്ന് മൂന്ന് യാത്രക്കാർ പറഞ്ഞിട്ടും ഡ്രൈവർ ഡോർ തുറക്കാൻ കൂട്ടാക്കിയില്ല. നാട്ടുകാർക്കെതിരെ കേസ് കൊടുക്കുമെന്നായിരുന്നു കണ്ടക്ടറുടെ ഭീഷണി .ഒടുവിൽ പൊലീസെത്തിയാണ് മൂന്ന് യാത്രക്കാരെ ബസിൽ കയറ്റി വിട്ടത്. ഈ സ്ഥിതി തുടർന്നാൽ ഇതു വഴിയുള്ള ബസുകൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു.
റോഡ് അറ്റകുറ്റപ്പണി നടത്താതിനാൽ നിലവിൽ വളരെ മോശമായ റൂട്ടാണിത്. റോഡ് ഉപരോധം കൂടി ഉണ്ടായാൽ വിഷയം സങ്കീർണ്ണമാകും. ആയതിനാൽ എത്രയും വേഗം ഇതു വഴി പോകുന്ന ബസുrകൾ യാത്രക്കാരുടെ സൗകര്യപ്രകാരം പുന:ക്രമീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.





Leave a Reply