“ ശുദ്ധത ഹാഡി” ആദിവാസി സംഘത്തിന്റെ ആരോഗ്യ -ശുചിത്വ സന്ദേശ യാത്ര ശ്രദ്ധേയമാകുന്നു.
“ ശുദ്ധത ഹാഡി” ആദിവാസി സംഘത്തിന്റെ ആരോഗ്യ -ശുചിത്വ സന്ദേശ യാത്ര ശ്രദ്ധേയമാകുന്നു.
കൽപ്പറ്റ: പ്രളയാനന്തരം വയനാടൻ ഊരുകളിലൂടെ ആദിവാസി യുവതി യുവാക്കൾ അടങ്ങുന്ന സംഘത്തിന്റെ ആരോഗ്യ -ശുചിത്വ സന്ദേശ യാത്രയായ “ ശുദ്ധത ഹാഡി” ശ്രദ്ധേയമാകുന്നു. കാട്ടുനായ്ക്ക വായ്മൊഴിയിൽ ശുചിത്വ ഊരു എന്നാണ് “ശുദ്ധത ഹാഡി” യുടെ പൊരുൾ. ആദിവാസി കൂട്ടായ്മയായ ‘തമ്പ് ‘(സെൻറർ ഫോർ ട്രൈബൽ എഡ്യൂക്കേഷൻ ഡവലപ്മെന്റ് ആൻഡ് റിസർച്ച് ) യൂണിസെഫും സംയുക്തമായാണ് ആരോഗ്യ ബോധവൽക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
മാനന്തവാടി താലൂക്കിലെ എഴുപതോളം ഊരുകളിൽ “ശുദ്ധത ഹാഡി” അവതരിപ്പിച്ചു കഴിഞ്ഞു. ആദിവാസി കോളനികളെ
കൂടാതെ ട്രൈബൽ ഹോസ്റ്റലുകളിലും നാടകം അവതരിപ്പിക്കുന്നുണ്ട്.വയനാട് ജില്ല കൂടാതെ കണ്ണൂർ ,പാലക്കാട് ജില്ലകളിലും മേഖലയിലെ ആദിവാസി ഭാഷയിൽ ആരോഗ്യ ശുചിത്വ സന്ദേശ യാത്ര നടക്കുന്നതായി തമ്പ് അധ്യക്ഷൻ രാജേന്ദ്രപ്രസാദ് പറഞ്ഞു. സിനിമ നാടക കലാകാരനായ അജയ് പനമരം ആണ് “ശുദ്ധത ഹാഡി”ക്ക് സാക്ഷാൽകാരം നിർവഹിച്ചിരിക്കുന്നത്. സജി ബൊമ്മനാണ് വയനാട്ടിലെ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.അട്ടപ്പാടിയിൽ രാമുവും ആറളത്ത് ശശിയും സന്ദേശ യാത്രക്ക് നേതൃത്വം നൽകുന്നു. സ്കൂൾതലം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ആദിവാസി യുവത്വമാണ് വയനാട്ടിൽ സന്ദേശ യാത്ര നയിക്കുന്നത്.
കവിയായ സുകുമാരൻ ചാലിഗദ്ദ, ദിവ്യ,നിഖില, ജാനു, ശാലിനി, ഹരി, കണ്ണൻ, വിഷ്ണു തുടങ്ങിയ 16 അംഗ ടീമാണ് നാടകം നയിക്കുന്നത്.
തനതുഭാഷയിലുള്ള ബോധവൽക്കരണ നാടകം കൂടാതെ തനത് വായ്മൊഴി ഗാനങ്ങൾ, തുടി, ബുരുഡാ,ദവിൽ എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആരോഗ്യ ശുചിത്വ സന്ദേശം എത്തിക്കുവാനാണ് തമ്പ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിൽ പോസ്റ്റർ ക്യാമ്പയിൽ ഊരുകൂട്ടങ്ങളുടെയുള്ള ക്യാമ്പയിൻ എന്നിവ നടത്തും. മേഖലയിലെ തദ്ദേശ ഭരണസാരഥികൾ, ആശാപ്രവർത്തകർ, ഐസിഡിഎസ് പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ട്രൈബൽ ഉദ്യോഗസ്ഥർ എന്നിവർ സന്ദേശയാത്രയുടെ ഭാഗമാകുന്നുണ്ട്. ശുദ്ധത ഹാഡിക്ക് വയനാടൻ ഊരുകളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. ആവശ്യപ്പെട്ടാൽ മറ്റ് സ്ഥലങ്ങളിലും കലാജാഥ നടത്തും.
-സജി ബൊമ്മൻ -9947573508
അജയ് പനമരം -9744433815





Leave a Reply