സാഹസിക വിസ്മയം തീര്‍ത്ത് മഹിന്ദ്ര ഗ്രെയ്റ്റ് എസ്‌കേപ്പിന് സമാപനം

കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും ജനപ്രിയ ഓഫ് റോഡ് സാഹസികതകളിലൊന്നായ മഹിന്ദ്ര ഗ്രെയ്റ്റ് എസ്‌കേപ്പിന്റെ 154ാമത് എഡിഷന്‍ മേപ്പാടിയില്‍ നടന്നു. ബൊലേറൊ, സ്‌കോര്‍പ്പിയൊ, താര്‍ 4ഃ4 എന്നിവയില്‍ മത്സരാര്‍ഥികള്‍ വിസ്മയങ്ങള്‍ തീര്‍ത്തു. അരപ്പറ്റയിലെ തേയിലത്തോട്ടങ്ങള്‍ക്കും കുറ്റിക്കാടുകള്‍ക്കും ഇടയിലൂടെ വാഹനങ്ങള്‍ സാഹസികമായി നീങ്ങിയപ്പോള്‍ കാണികള്‍ക്കും അതൊരു വേറിട്ട കാഴ്ചയായി. ചന്നംപിന്നം പെയ്ത മഴയില്‍ മണ്ണും പാറയും കൂടുതല്‍ വഴുക്കിയപ്പോള്‍ മത്സരാര്‍ഥികളുടെ മുന്നില്‍ വെല്ലുവിളിയേറി.
മത്സരത്തില്‍ സ്റ്റോക്ക് വിഭാഗത്തില്‍ സുജീഷ് കൊളത്തൊടി ഒന്നാം സ്ഥാനം നേടി. മോഡിഫൈഡ് വിഭാഗത്തില്‍ നവാസ് ഷരീഫാണ് ചാംപ്യന്‍. ഈ വിഭാഗത്തില്‍ അതുല്‍ തോമസ്, അലന്‍ കെ. അബ്രഹാം എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണര്‍ അപ്പും സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. വിജയികള്‍ക്ക് നാസികിലെ ഇഗത്പുരിയില്‍ മഹിന്ദ്ര അഡ്വെഞ്ചര്‍ ട്രെയ്‌നിങ് അക്കാഡമിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിലായില്‍ പങ്കെടുക്കാം. അവിടെ പുതിയ മഹിന്ദ്ര താര്‍ സിആര്‍ഡിഇയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
ഓഫ് റോഡ് സാഹസികതകള്‍ക്ക് പേരുകേട്ട ഇടമാണ് സമുദ്ര നിരപ്പില്‍നിന്ന് ഏറെ ഉയര്‍ന്ന, ആനയും കടുവയും പുലിയും പക്ഷികളും വിഹരിക്കുന്ന വനമേഖലയുള്ള വയനാട്. രാജ്യത്തെങ്ങുമുള്ള ഓഫ് റോഡ് സാഹസികരുടെ ഇഷ്ടമേഖലയാണിത്. 1996ലാണ് ആദ്യമായി മഹിന്ദ്ര ഗ്രെയ്റ്റ് എസ്‌കേപ്പ് ആരംഭിക്കുന്നത്. താറിട്ട റോഡുകള്‍ക്കപ്പുറം ദുര്‍ഘടമായ പാതകളില്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായിരുന്നു ഇത്. തുടക്കത്തില്‍ മത്സരമില്ലാതെ നടന്നുവന്ന പരിപാടി 2012ല്‍ ഗോവയില്‍വച്ച് ചാംപ്യന്‍ഷിപ്പിലേക്ക് മാറി. വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നായി മഹിന്ദ്ര ഗ്രെയ്റ്റ് എസ്‌കേപ്പ് മാറിയിട്ടുണ്ട്.



Leave a Reply