August 16, 2026

ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് വികസന സെമിനാര്‍

0
By ന്യൂസ് വയനാട് ബ്യൂറോ

ആദിവാസി മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരനിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനമേളയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് 'ഗോത്രവര്‍ഗ വികസനം ഇനി എങ്ങോട്ട്' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നത്. വനാവകാശ നിയമപ്രകാരം പതിച്ചുകിട്ടിയ ഭൂമിയില്‍ താമസിക്കാന്‍ ഗുണഭോക്താക്കളില്‍ പലരും തയ്യാറാവുന്നില്ലെന്നു സെമിനാര്‍ വിലയിരുത്തി. ഇതിനു പരിഹാരമുണ്ടായാല്‍ ആദിവാസി ഭൂമി പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാം. ഊരുകൂട്ടങ്ങളില്‍ നിന്നാവണം ഇതിനുള്ള തീരുമാനങ്ങളുണ്ടാവേണ്ടത്. ആദിവാസികള്‍ക്കു വിതരണം ചെയ്യുന്നതിന് ഭൂമി കണ്ടെത്താനുള്ള നിര്‍ദേശങ്ങളും സെമിനാര്‍ മുന്നോട്ടുവച്ചു. സ്വകാര്യവ്യക്തികളും കമ്പനികളും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി കണ്ടെത്തുക, ആധാരത്തില്‍ കവിഞ്ഞുള്ള ഭൂമി പിടിച്ചെടുക്കുക, മിച്ചഭൂമി പതിച്ചുനല്‍കുക, ലീസ് കാലാവധി പൂര്‍ത്തിയായ വന്‍കിട തോട്ടങ്ങള്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്കു വിതരണം ചെയ്യുക തുടങ്ങിയവയാണ് അതില്‍ ചിലത്. 
വനാവകാശ നിയമം, പട്ടികവര്‍ഗ ഉപ പദ്ധതികള്‍, ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ചയായി. ആദിവാസികളെ പൊതുധാരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കായി പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി റൂറല്‍ ആന്റ് ട്രൈബല്‍ സോഷ്യോളജി വിഭാഗം പ്രഫസര്‍ പി ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ വികസനവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ഇ ജെ ജോസഫ് വിഷയാവതരണം നടത്തി. ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ സി ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *