August 11, 2026

കായികമേഖലയുടെ സമഗ്രവികസനം : എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് സ്‌കൂള്‍: മന്ത്രി ഇ.പി ജയരാജന്‍

0
IMG-20190302-WA0063
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കായികമേഖലയുടെ സമഗ്രവികസനം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു വ്യവസായ, കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി 700 കോടി രൂപയാണ് ഇതിനകം സര്‍ക്കാര്‍ അനുവദിച്ചത്. ഇതുപയോഗിച്ച് 14 ജില്ലകളിലും സ്‌റ്റേഡിയങ്ങളുടേതടക്കം പ്രവൃത്തി നടന്നുവരികയാണ്. 54 ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കായികമേഖലയുടെ വികസനത്തിന് മറ്റെന്തെല്ലാം സാധ്യതകളുണ്ടെന്നതും പരിശോധിച്ചുവരികയാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കളിച്ചുപഠിച്ച് വളരാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്ഥാപിക്കും. 
എല്ലാ കായിക വിനോദങ്ങളും പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. 2024 ഒളിംപിക്‌സില്‍ മെഡല്‍ നേട്ടമെന്ന ലക്ഷ്യത്തോടെ 11 ഇനങ്ങള്‍ തിരഞ്ഞെടുത്ത് കായിക താരങ്ങള്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. ഇതില്‍ അമ്പെയ്ത്ത് പരിശീലനകേന്ദ്രം പുല്‍പ്പള്ളിയിലാണ്. കായികതാരങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇതര സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നുണ്ട്. മുണ്ടേരി മരവയല്‍ സ്റ്റേഡിയത്തില്‍ എട്ടുവരി സിന്തറ്റിക് ട്രാക്ക് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി ഗഗാറിന്‍, പി പി ആലി, വി പി വര്‍ക്കി, കെ സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
2016-17ലെ പരിഷ്‌കരിച്ച ബജറ്റില്‍ ഉള്‍പ്പെട്ട കിഫ്ബി പദ്ധതിയാണ് ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം. കല്‍പ്പറ്റ നഗരസഭയുടെ അധീനതയിലുള്ള അഞ്ചേക്കര്‍ ഭൂമിയിലാണ് 36.87 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. മേപ്പിള്‍ വുഡ് ഫ്‌ളോറിങ്, ഗ്യാലറി, വിഐപി ലോഞ്ച്, ഗസ്റ്റ് റൂം, ഓഫിസ് മുറി, മെഡിക്കല്‍ റൂം, കളിക്കാര്‍ക്കും കായിക ഉപകരണങ്ങള്‍ സൂക്ഷിക്കാനുമുള്ള മുറികള്‍, കഫറ്റേരിയ, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള സ്‌റ്റേഡിയത്തില്‍ നീന്തല്‍ക്കുളം, പരിശീലനക്കുളം, ഓഫിസ് ബ്ലോക്ക്, മഴവെള്ള സംഭരണി എന്നിവയുമുണ്ടാവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *