April 25, 2024

ഇഴഞ്ഞു നീങ്ങി കാരാപ്പുഴ ടൂറിസം പദ്ധതി: സഞ്ചാരികൾക്ക് സൗകര്യങ്ങളില്ല

0
53613550 2262393300693813 6557921002314006528 N
കേരളത്തിലെ  മികച്ചതും ആധുനികവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കുയെന്ന ലക്ഷ്യത്തോടെ കാരാപ്പുഴയില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ക്ക് എങ്ങുമെത്തിയില്ല. 2011 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  അനുവദിച്ച പ്രവൃത്തികളില്‍ പകുതിയും പൂര്‍ത്തിയായിട്ടില്ല. സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം പോലും ഇവിടെ പൂര്‍ണ്ണമല്ല. വയനാട് ടൂറിസത്തിന്റെ സെന്റെര്‍ പോയന്റ് എന്നാണ് കാരാപുഴ അറിയപ്പെടുന്നത്. എന്നാല്‍ പ്രവൃത്തികള്‍ ഇങ്ങനെ നീങ്ങിയാല്‍ ടൂറിസത്തിനു സമീപകാലത്തൊന്നും  ഇവിടെ ഭാവിയില്ല. 
        മുന്‍പ് ജലവിഭവ, വിനോദസഞ്ചാര വികസന വകുപ്പുകളുടെ തലയില്‍ ഉദിച്ചതാണ് കാരാപ്പുഴയെ  പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുക എന്ന ആശയം. കാരാപ്പുഴ അണയും  പരിസരവും കേന്ദ്ര സംസ്ഥാന സഹായത്തോടെ ടൂറിസം സങ്കേതമായി വികസസിപ്പിക്കുന്നതിനു  പദ്ധതിയാണ് തയാറാക്കിയത്. ഇത് ഭാഗികമായി അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഗഡു 2011ല്‍ അനുവദിച്ചു. 
        ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഓപ്പണ്‍  എയര്‍ തിയറ്റര്‍ ആന്‍ഡ് വീഡിയോ പ്രസന്റേഷന്‍ ഹാള്‍, സുവനീര്‍ ആന്‍ഡ് സ്പൈസസ് സ്റ്റാള്‍സ്, നടപ്പാത പാര്‍ക്കിംഗ് ഏരിയ, ലാന്‍ഡ് സ്‌കേപ്പിംഗ്, വൈദ്യുത ദീപാലങ്കാരം എന്നീ പ്രവൃത്തികള്‍ക്കാണ്  തുക അനുവദിച്ചത്. എന്നാല്‍  പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ണ്ണമായി തീര്‍ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ഇത് കേന്ദ്ര  ഫണ്ടില്‍  അനുവധിച്ച തുക ലാപ്സാകുന്നതിനും കാരണമായി.  ഈ  സാഹചര്യത്തില്‍ തുടങ്ങിവെച്ച പ്രവൃത്തികള്‍ തുടരുന്നതിനും മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്  തുടങ്ങിയവ  സ്ഥാപിക്കുന്നിനുമായി 2013ല്‍  സംസ്ഥാന സര്‍ക്കാറും തുക അനുവദിച്ചു. അതു പ്രകാരം നിര്‍മ്മിച്ച പാര്‍ക്കും റോസ് ഗാര്‍ഡനും മറ്റും ദീര്‍ഘവീക്ഷണമില്ലാതെ ചെയ്തതു മൂലം പകുതിയും ഉപയോഗ ശൂന്യമാണ്. 
         പ്രവേശനകവാടത്തില്‍ വേണ്ട ടിക്കറ്റ് കൗണ്ടര്‍ പാര്‍ക്കിന്റെ മധ്യഭാഗത്ത്  നിര്‍മ്മിച്ചത് നിര്‍മ്മാണ  പാളിച്ചയുടെ  പ്രധാന ഉദാഹരണമാണ്. ഇത് പരിഹരിക്കാനായി നിര്‍മ്മിച്ച് പ്രവേശന കവാടത്തില്‍ നിര്‍മ്മിച്ച ടിക്കറ്റ് കൗണ്ടര്‍ യാതൊരു സൗകര്യവും ഇല്ലാത്തതാണ്. ടൂറിസത്തില്‍ പ്രധാന വരുമാനം ആവേണ്ട ബോട്ട് സര്‍വീസ്  നടക്കാത്തത് മറ്റൊരു പോരായ്മയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സ്പൈസസ് സ്റ്റാളുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ആര്‍ക്കും ലേലം ചെയ്തു നല്‍കിയിട്ടില്ല. ടിക്കറ്റ് എടുത്ത് അകത്ത് പ്രവേശിക്കുന്ന  സഞ്ചാരികള്‍ക്ക്  ഇരിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. കുട്ടികള്‍ക്കായി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ല. 
         ഡാം സൈറ്റ് വഴിയുള്ള നടപ്പാത നടക്കാനോ ഇരിക്കാനോ കഴിയാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. കാരാപ്പുഴയിലേക്ക് എത്തുന്ന കാക്കവയല്‍, അമ്പലവയല്‍ റോഡുകള്‍ പാടേ തകര്‍ന്ന നിലയിലാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ അവതാളത്തില്‍ ആകുകയാണ്  ഡാമിന്റെ പ്രവര്‍ത്തനം. വയനാടിന്റെ വികസനത്തെ പിന്നോട്ട് വലിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് ഈ ടൂറിസ്റ്റ് കേന്ദ്രം എന്ന് മലനാട് എക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ അഗസ്റ്റിന്‍ വി.എ, ഷിബി കെ.ജെ, സണ്ണി കെ.ടി, ജെയ്‌സന്‍ എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *